ബംഗളൂരു: മറാത്ത വാദികൾക്ക് ഭൂരിപക്ഷമുള്ള ബെളഗാവിയിൽ കന്നട പതാകയെ ചൊല്ലിയുള്ള തർക്കം മുറുകുന്നു. ബെളഗാവി സിറ്റി കോർപറേഷൻ ഒാഫിസിെൻറ പുതിയ കെട്ടിടത്തിലെ കൊടിമരത്തിൽ കന്നട പതാക ഉയർത്തിയതാണ് വിവാദമായത്. പതാക നീക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഏകീകരൺ സമിതി (ഇ.എം.എസ്) രംഗത്തെത്തി. തുടർന്ന് കൊടിമരത്തിന് ചുറ്റും ബാരിക്കേഡ് കെട്ടിയ അധികൃതർ കാവലിനായി പൊലീസിനെ നിയോഗിച്ചു.
വർഷങ്ങളായി ബെളഗാവി മുനിസിപ്പൽ കോർപറേഷൻ കെട്ടിടത്തിന് മുന്നിൽ മറാത്ത വാദികളുടെ പതാകയായി കാവിെക്കാടിയാണ് ഉയർത്തിയിരുന്നത്. ബെളഗാവി മഹാരാഷ്ട്ര സംസ്ഥാനത്തോട് ചേർക്കണമെന്ന് ആവശ്യമുന്നയിക്കുന്ന മറാത്തവാദികളും അതിനെ എതിർക്കുന്ന കന്നട സംഘടനകളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും മറാത്ത കൊടി മുനിസിപ്പൽ കെട്ടിടത്തിന് മുന്നിൽ നിന്ന് മാറ്റിയിരുന്നില്ല. ഏതാനും വർഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയപ്പോൾ ആരുടെയും കൊടി ഉയർത്തേണ്ടതില്ലെന്നായിരുന്നു തീരുമാനം. എന്നാൽ, കഴിഞ്ഞദിവസം കന്നട അനുകൂല സംഘടന നേതാവായ ശ്രീനിവാസിെൻറ നേതൃത്വത്തിൽ കന്നട പതാക മുനിസിപ്പൽ കെട്ടിടത്തിലെ കൊടിമരത്തിൽ ഉയർത്തി. പ്രതിഷേധവുമായെത്തിയ എം.ഇ.എസ് പതാക നീക്കാൻ ഡിസംബർ 31 വരെ സമയമനുവദിച്ചിരുന്നു. പൊലീസ് കമീഷണർ, ഡെപ്യൂട്ടി കമീഷണർ എന്നിവർക്ക് ഇതുസംബന്ധിച്ച് നിവേദനം നൽകി. അധികൃതർ നടപടിെയടുത്തില്ലെങ്കിൽ കന്നട പതാക മാറ്റി മറാത്ത പതാക ഉയർത്തുമെന്ന മുന്നറിയിപ്പും നൽകി. വിവാദം കൊഴുത്തതോടെയാണ് അധികൃതർ കൊടിമരത്തിന് പൊലീസ് കാവൽ ഏർപ്പെടുത്തിയത്.
1958 ജൂലൈ മൂന്നിന് അന്നത്തെ ബെൽഗാം സിറ്റി മുനിസിപ്പാലിറ്റിയാണ് മുനിസിപ്പൽ കെട്ടിടത്തിൽ ദേശീയ പതാകക്കൊപ്പം കാവിക്കൊടിയും ഉയർത്താൻ പ്രമേയം പാസാക്കിയത്. ഇതിനെ അന്നത്തെ സർക്കാർ എതിർക്കാതിരുന്നതോടെ പിന്നീട് അത് തുടരുകയായിരുന്നു. 2006ൽ മുഖ്യമന്ത്രിയായിരിക്കെ വിവാദ കൊടി നീക്കുമെന്ന് എച്ച്.ഡി. കുമാരസ്വാമി പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഹൈകോടതിയുടെ ഇടപെടലിലാണ് പതാക നീക്കിയത്. ത്രിവർണ പതാകയല്ലാതെ മറ്റൊന്നും മുനിസിപ്പൽ െകട്ടിടത്തിൽ ഉയർത്തരുതെന്നായിരുന്നു ഹൈകോടതി നിർദേശം.
കഴിഞ്ഞ തിങ്കളാഴ്ച കന്നട ആക്ടിവിസ്റ്റ് കസ്തൂരി ഭവി, ശ്രീനിവാസ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിൽ കന്നട പതാക ഉയർത്തി. െഡപ്യൂട്ടി കമീഷണറും എ.സി.പിയും ഇത് തടയാനെത്തിയെങ്കിലും നേതാക്കൾ ആത്മഹത്യഭീഷണി മുഴക്കി. അതേസമയം, കോർപറേഷൻ തെരഞ്ഞെടുപ്പ് വരാനിരിക്കെ വിഷയം കത്തിക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന ആക്ഷേപവുമുയർന്നു. കോർപറേഷൻ തെരെഞ്ഞടുപ്പിൽ ബി.ജെ.പിയും കോൺഗ്രസും തങ്ങളുടെ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥികളെ നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. കന്നട അനുകൂല സംഘടനകളുടെ നടപടിയെ പിന്തുണച്ച് െബളഗാവി സിറ്റി എം.എൽ.എയും കോൺഗ്രസ് വക്താവുമായ ലക്ഷ്മി ഹെബ്ബാൽകർ രംഗത്തെത്തി.
ബെളഗാവി അടക്കമുള്ള മറാത്തികൾക്ക് ഭൂരിപക്ഷമുള്ള മേഖല മഹാരാഷ്ട്രയോട് ചേർക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ (എം.ഇ.എസ്) നേതൃത്വത്തിൽ വർഷങ്ങളായി പ്രതിഷേധം അരങ്ങേറുന്നുണ്ട്.
കന്നട രാജ്യോത്സവ ദിനമായ നവംബർ ഒന്ന് കരിദിനമായി ഇവർ ആചരിച്ചുവരുകയാണ്. മുമ്പ് ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്ന ബെളഗാവി ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനം രൂപവത്കരിച്ചപ്പോൾ കർണാടകയുടെ ഭാഗമാവുകയായിരുന്നു.
ഇതു സംബന്ധിച്ച് കേസ് വർഷങ്ങളായി സുപ്രീംകോടതിയിലാണ്. മറാത്തികളുടെ പ്രതിഷേധം തണുപ്പിക്കാൻ യെദിയൂരപ്പ സർക്കാർ മറാത്ത വികസന കോർപറേഷൻ രൂപവത്കരിച്ചിരുന്നു. ഡിസംബർ അഞ്ചിന് കന്നട അനുകൂല സംഘടനകൾ ബന്ദ് ആചരിച്ചാണ് ഇതിനോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.