ന്യൂഡൽഹി: നിരുപദ്രവമായ ഒരു വാട്സ്ആപ് മെസേജിന്റെ പേരിലാണോ പൗരത്വ ഭേദഗതി സമരത്തിന് നേതൃത്വം നൽകിയ ഖാലിദ് സൈഫിക്കെതിരെ യു.എ.പി.എ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) ചുമത്തി ജാമ്യം നൽകാതെ അഞ്ച് കൊല്ലം ജയിലിലിട്ടിരിക്കുന്നതെന്ന് മലയാളിയായ മുതിർന്ന അഭിഭാഷക റെബേക്ക ജോൺ ഡൽഹി ഹൈകോടതിയോട് ചോദിച്ചു.
കൂടെ ജയിലിലടച്ചിരുന്ന ആസിഫ് ഇഖ്ബാൽ തൻഹക്കും ദേവാംഗന കലിതക്കും നടാഷ നർവലിനും ജാമ്യം നൽകിയിട്ടും ഇത്രയും കാലമായി ഖാലിദ് സൈഫിക്ക് ജാമ്യം നൽകാത്തതും ആ മെസേജിന്റെ പേരിലാണോ എന്നും ജസ്റ്റിസുമാരായ നവീൻ ചൗള ശാലീന്ദർ കൗർ എന്നിവരടങ്ങുന്ന ബെഞ്ചിനോട് റെബേക്ക ചോദിച്ചു.
പൗരത്വ സമരക്കാർക്ക് ഖാലിദ് സൈഫി ചില വാട്സ്ആപ് മെസേജുകൾ അയച്ചെന്ന ഡൽഹി പൊലീസിന്റെ വാദം ഖണ്ഡിച്ചായിരുന്നു റെബേക്കയുടെ ചോദ്യം. വാട്സ്ആപ് മെസേജിന്റെ പേരിൽ ഡൽഹി പൊലീസ് ചമക്കുന്ന കഥകൾ ഒരാൾക്കെതിരെ യു.എ.പി.എ ചുമത്താനും ജാമ്യം നിഷേധിക്കാനും കാരണമാകുമോ എന്നതാണ് വിഷയമെന്ന് റെബേക്ക ബോധിപ്പിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ ഖുറേജിയിലായിരുന്നു ഖാലിദ് സൈഫിയുടെ നേതൃത്വത്തിൽ പൗരത്വ സമരം നടന്നത്. 2020ലെ ഡൽഹി കലാപവേളയിൽ ഖുറേജിയിൽ കലാപം നടന്നിട്ടില്ല. അതിനാൽ ഖാലിദ് സൈഫിയെ പ്രതി ചേർക്കാനാവില്ല. പൗരത്വ സമരത്തിന്റെ പേരിൽ ഖാലിദ് സൈഫിക്കൊപ്പം ജയിലിലടച്ച ആസിഫ് ഇഖ്ബാൽ തൻഹക്കും ദേവാംഗന കലിതക്കും നടാഷ നർവലിനും ഡൽഹി ഹൈകോടതി ജാമ്യം നൽകിയത് സുപ്രീംകോടതി ശരിവെച്ചതാണ്. അതേ പരിഗണനവെച്ച് 2020 മാർച്ച് 21 മുതൽ ജയിലിൽ കഴിയുന്ന ഖാലിദ് സൈഫിക്കും ജാമ്യം നൽകണം- റെബേക്ക ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.