representational image
ബെംഗളൂരു: സംസ്ഥാനത്ത് തുടർച്ചയായ മാതൃമരണങ്ങളെച്ചൊല്ലിയുള്ള കോലാഹലങ്ങൾക്കിടയിൽ റായ്ച്ചൂർ, ചിത്രദുർഗ ജില്ലകളിലായി അഞ്ച് മാതൃമരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ഒക്ടോബറിൽ സിന്ധനൂർ താലൂക്ക് ആശുപത്രിയിൽ നടന്ന നാല് മരണങ്ങളാണ് ഇപ്പോൾ പുറത്തു വന്നത്. ചന്ദ്രകല(26), രേണുകാമ്മ (32), മൗസമി മണ്ഡൽ (22), ചന്നമ്മ (25) എന്നിവരാണ് മരിച്ചത്.
ഒക്ടോബർ മാസത്തിൽ ഇവിടെ പ്രസവിച്ച മുന്നൂറ് യുവതികളിൽ ഏഴു പേർ ഗുരുതരാവസ്ഥയിലായിരുന്നു. അതിൽ നാലു പേർ മരിച്ചു. പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയരായവരാണ് ഈ നാലുപേരും. ഗുരുതരാവസ്ഥയിൽ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലിരിക്കേയാണ് ഇവർ മരിച്ചത്.
ആശുപത്രിയുടെ അനാസ്ഥയാണിതെന്നും തങ്ങൾക്ക് നീതി വേണമെന്നും കുടുംബങ്ങൾ ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നിഷേധിക്കുകയാണെങ്കിൽ നവജാത ശിശുക്കളുമായി നിയമസഭാ മന്ദിരത്തിനു മുന്നിൽ സമരം ചെയ്യുമെന്നും അവർ പറഞ്ഞു. മരണങ്ങൾ നടന്നത് വിവിധ കാരണങ്ങൾ കൊണ്ടാണെന്ന് റായ്ച്ചൂർ ഡെപ്യൂട്ടി കമീഷണർ കെ. നിതീഷ് പറഞ്ഞു.
ഇൻട്രാവീനസ് ഫ്ലൂയിഡ് നൽകിയതുകൊണ്ടാണോ മരണം സംഭവിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് ലഭിച്ചാലുടൻ സർക്കാർ ഉചിതമായ നടപടികൾ സ്വീകരിക്കും. ഈ ആശുപത്രിയിൽ എല്ലാ മാസവും 300 പ്രസവങ്ങൾ വരെ നടക്കാറുണ്ട്. മരണം നടന്ന ബാച്ചിൽ ഉപയോഗിച്ച ഫ്ലൂയിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മരിച്ചവർക്ക് നൽകിയ ഐ.വി. ഫ്ലൂയിഡ് നിർമിച്ചത് പശ്ചിമ ബംഗാൾ കമ്പനിയാണെന്നും ആ കമ്പനിയുടെ മരുന്നുകളുടെ ഉപയോഗം നിർത്തി വച്ചതായും കമീഷണർ അറിയിച്ചു.
ചിത്രദുർഗ താലൂക്ക് ആശുപത്രിയിലാണ് മറ്റൊരാളായ റോജ (24) മരിച്ചത്. ബംഗാൾ കമ്പനിക്കെതിരെ സംസ്ഥാന സർക്കാർ ക്രിമിനൽ നടപടികളെടുക്കാൻ തയാറെടുക്കുന്നെന്നും വിവരങ്ങളുണ്ട്. സർക്കാർ നിയോഗിച്ച ഏഴംഗ സംഘം കമ്പനി സന്ദർശിച്ചിരുന്നു. അവർ ഉടൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നാണ് വിവരം.
കമ്പനിയുടെ ഐ.വി ഫ്ലൂയിഡിൽ ഹാനികരമായ വസ്തുക്കളുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നതായി സൂചനകളുണ്ട്. എന്നാൽ ഈ വിവരങ്ങൾ തെറ്റാണെന്നാണ് കോടതിയിൽ കമ്പനിയുടെ വാദം. കർണാടക സർക്കാർ അടുത്തിടെ പുറത്തുവിട്ട ഔദ്യോഗിക രേഖയിൽ വർഷംതോറും മാതൃമരണനിരക്ക് കുറയുന്നുവെന്ന കണക്കുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.