ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെ ഏറ്റവും വലിയ പ്രക്ഷോഭം നടക്കുന്ന ഡൽഹി ശാഹീൻ ബാഗിൽ സമരക്കാർക്കുനേരെ, ‘ജയ് ശ്രീരാം’ മുഴക്കി വെടിയുതിർത്ത യുവാവ് പിടിയിൽ.
രണ്ടിലേറെ തവണ വെടിയുതിർത്തെങ്കിലും ആർക്കും പരിക്കില ്ല. കപിൽ ഗുജ്ജർ എന്നയാളാണ് പിടിയിലായത്. പൊലീസ് നോക്കിനിൽെക്ക ഇത് രണ്ടാം തവണയാണ് തലസ്ഥാന നഗരിയിൽ സമാധ ാനപരമായി പ്രതിഷേധം നടത്തുന്നവർക്കുനേരെ ആക്രമണമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ജാമിഅ മില്ലിയ്യ വിദ്യാർഥികൾക്കു നേരെ യുവാവ് വെടിയുതിർത്തതിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് ഓട്ടോറിക്ഷയിൽ എത്തിയ അക്രമി ദക്ഷിണ ഡൽഹിയിലെ ശാഹീൻബാഗിൽ സമരപ്പന്തലിനു തൊട്ടരികിൽ വെടിവെപ്പു നടത്തിയത്. ‘നമ്മുടെ രാജ്യത്ത് ഹിന്ദുക്കളുടെ കാര്യം മാത്രം മതി, മറ്റാരുടെയും വേണ്ട...’ എന്ന് ആക്രോശിച്ചുകൊണ്ട് വെടിവെപ്പു നടത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പൊലീസിനു തൊട്ടരികിൽനിന്നാണ് ഇയാൾ വെടിവെച്ചതെന്നും സ്ത്രീകളും കുട്ടികളും ഉൾെപ്പടെ ഒട്ടേറെ പേർ അവിടെ ഉണ്ടായിരുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തു.
‘‘ജയ് ശ്രീരാം, ഹിന്ദു രാഷ്ട്ര സിന്ദാബാദ് എന്നുവിളിച്ചുകൊണ്ട് ഒരാൾ പ്രത്യക്ഷപ്പെട്ടു. പെട്ടെന്നാണ് വെടിയൊച്ചകൾ കേട്ടത്. സെമി ഓട്ടോമാറ്റിക് തോക്കുകൊണ്ട് രണ്ടിലേറെ തവണ വെടിയുതിർത്തു. അയാൾക്കു തൊട്ടുപിന്നിൽ പൊലീസ് ഉണ്ടായിരുന്നു. പെട്ടെന്ന് തോക്ക് ജാം ആയെങ്കിലും വീണ്ടും വെടിയുതിർക്കാൻ ശ്രമിച്ചു. പിന്നെ, സമീപത്തെ ചെടിക്കൂട്ടത്തിലേക്ക് തോക്ക് എറിഞ്ഞ് രക്ഷപ്പെടാനുള്ള നീക്കം സമരക്കാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു’ -അക്രമം നേരിട്ടു കണ്ട പ്രക്ഷോഭകരിൽ ഒരാൾ പറഞ്ഞു. ഇത്തരം അക്രമങ്ങൾ തടയുന്നതിലല്ല പൊലീസിെൻറ ശ്രദ്ധയെന്നും അവരുടെ കണ്ണു മുഴുവൻ തങ്ങൾക്കുമേലാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
പിടിയിലായ യുവാവിനോട് പൊലീസ് പേരുചോദിച്ചപ്പോൾ ഉത്തർപ്രദേശിലെ ദല്ലുപുരയിൽ നിന്നുള്ള കപിൽ ഗുജ്ജാർ ആണെന്നു പറഞ്ഞതായി, സംഭവസ്ഥലത്തുണ്ടായിരുന്ന ശാഹീൻബാഗ് നിവാസിയും പ്രസാധകനുമായ അബൂ ആല സുഹാനി പറഞ്ഞു. പിടിയിലായ ആൾ ആകാശത്തേക്കാണ് വെടിവെച്ചതെന്നും ഉടൻതന്നെ ഉണർന്നു പ്രവർത്തിച്ച പൊലീസ് ആക്രമിയെ കീഴടക്കിയെന്നും ഡൽഹി പൊലീസ് അധികൃതർ അവകാശപ്പെട്ടു. ഇയാളുടെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ഏതാനും ദിവസം മുമ്പ് ഒരു പ്രാദേശിക കരാറുകാരൻ തോക്കു ചൂണ്ടി, സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട സംഭവവുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.