ശാന്താഭായി 

കൊല്ലപ്പെട്ട യാചകയുടെ സ്വത്ത് അന്വേഷിച്ച പൊലീസ് ഞെട്ടി; സ്വന്തമായി വീട്, ഏക്കറുകണക്കിന് സ്ഥലം, കൃഷി, മാസംതോറും വൻ വരുമാനം

35 വർഷമായി മുംബൈ നഗരത്തിൽ ഭിക്ഷാടനം നടത്തിവന്ന ശാന്താഭായി എന്ന 69കാരിയെ കഴിഞ്ഞയാഴ്ചയാണ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം അന്വേഷിച്ച പൊലീസ് സംഘം കണ്ടെത്തിയത് ഭിക്ഷാടനത്തിലൂടെ ശാന്താഭായി ലക്ഷങ്ങൾ സമ്പാദിച്ചിരുന്നുവെന്നാണ്. തെരുവിൽ യാചിച്ച് കിട്ടിയ വരുമാനംകൊണ്ട് സ്വദേശത്ത് ഇവർ പുതിയ വീടുണ്ടാക്കുകയും ലക്ഷങ്ങൾ മൂല്യമുള്ള സ്ഥലം വാങ്ങുകയും ചെയ്തിരുന്നു. അന്വേഷണത്തിനൊടുവിൽ ശാന്താഭായിയുടെ കൊലയാളിയെയും പൊലീസ് കണ്ടെത്തി.

മലാദ് വെസ്റ്റിലെ വിത്തൽ നഗർ എന്ന സ്ഥലത്തെ ഒരു വാടകക്കെട്ടിടത്തിലാണ് ശാന്താഭായി കഴിഞ്ഞിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഇവരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വാടകക്കെട്ടിടത്തിൽ മുമ്പ് താമസിച്ചിരുന്ന ബൈജു മഹാദേവ് എന്നയാളാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. തമ്മിൽ ഒരു ബന്ധവും മുൻവൈരാഗ്യവും ഇല്ലാതിരുന്നിട്ടും ബൈജു മഹാദേവ് എന്തിനാണ് ശാന്താഭായിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ബൈജു മഹാദേവ് നേരത്തെ ഈ കെട്ടിടത്തിൽ താമസിച്ചപ്പോൾ തുടർച്ചയായി വാടക നൽകുന്നതിൽ വീഴ്ചവരുത്തി. ഇതോടെ കെട്ടിട ഉടമ ഇയാളെ പുറത്താക്കി. അകത്തുണ്ടായിരുന്ന ബൈജു മഹാദേവിന്‍റെ വസ്തുക്കൾ തിരികെയെടുക്കാൻ പോലും ഉടമ അനുവദിച്ചിരുന്നില്ല. തുടർന്നാണ്, ഭിക്ഷാടകയായ ശാന്താഭായിക്ക് മാസം 4000 രൂപ വാടകക്ക് താമസസ്ഥലം നൽകിയത്.

തന്‍റെ വസ്തുക്കൾ തിരികെയെടുക്ക എന്ന ഉദ്ദേശ്യത്തോടെയാണ് ബൈജു മഹാദേവ് വെള്ളിയാഴ്ച രാത്രി ഇവിടെയെത്തിയത്. വാതിൽ തുറക്കാനുള്ള വഴിയൊക്കെ ഇയാൾക്ക് അറിയാമായിരുന്നു. അകത്തുകടന്നപ്പോഴാണ് ഉറങ്ങിക്കിടക്കുന്ന ശാന്താഭായിയെ കണ്ടത്. ഇവർക്ക് അരികിൽ ഒരു ബാഗും അതിൽ നിറയെ പണവുമുണ്ടായിരുന്നു. പണം കൈക്കലാക്കി കടന്നുകളയാനുള്ള ബൈജു മഹാദേവിന്‍റെ ശ്രമത്തിനിടെ ശാന്താഭായി ഉറക്കമെണീക്കുകയും ബാഗിനായി മൽപ്പിടിത്തം നടത്തുകയും ചെയ്തു. തുടർന്ന് ശാന്താഭായിയുടെ തല നിലത്തിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ശാന്താഭായിയുടെ താമസസ്ഥലത്ത് നിന്ന് കൂടുതൽ പണം കണ്ടെത്തിയപ്പോഴാണ് പൊലീസ് ഇവരുടെ വരുമാനത്തെ കുറിച്ച് അന്വേഷിച്ചത്. 35 വർഷം മുമ്പ് ഭർത്താവ് മരിച്ചപ്പോഴാണ് ശാന്താഭായി മുംബൈ നഗരത്തിലെത്തിയത്. പിന്നീട് ഭിക്ഷാടനത്തിൽ തുടരുകയായിരുന്നു. ഇതിലൂടെ ലഭിച്ച വരുമാനം കൊണ്ട് ഇവർ ഒരേയൊരു മകളെ വിവാഹം കഴിപ്പിച്ചു. സ്വദേശത്ത് മൂന്നേക്കർ സ്ഥലം വാങ്ങി പരുത്തിയും സോയയും ബീൻസും കൃഷിചെയ്തു. വീടുണ്ടാക്കി. മാസംതോറും 30,000 രൂപ പേരക്കുട്ടികൾക്ക് അയച്ചുകൊടുക്കാറുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ബന്ധുക്കളെ കാണാനായി ശാന്താഭായി ഇടക്ക് വാഷിം ജില്ലയിലെ സ്വദേശത്ത് വരാറുണ്ടായിരുന്നു. ഭിക്ഷാടനത്തിന്‍റെ ആവശ്യം ശാന്താഭായിക്ക് ഉണ്ടായിരുന്നില്ലെങ്കിലും ഇവർ ഈ മേഖലയിൽ തന്നെ തുടരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

Tags:    
News Summary - Finance lessons from one of Mumbai’s richest beggars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.