ആൾദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

വിദ്വേഷ പ്രചാരകൻ ധീരേന്ദ്ര ശാസ്ത്രിക്ക് എഫ്.സി.ആർ.എ അനുമതി

ന്യൂഡൽഹി: ‘ഹിന്ദു രാഷ്ട്ര’ വാദമുയർത്തുന്ന മധ്യപ്രദേശിലെ സ്വയം പ്രഖ്യാപിത ആൾദൈവം ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ ‘ബാഗേശ്വർ ധാം’ ഗ്രൂപ്പിന് വിദേശ സംഭാവനകൾ സ്വീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആർ.എ) പ്രകാരമുള്ള രജിസ്ട്രേഷനാണ് സംഘടനക്ക് ലഭിച്ചത്.

മധ്യപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 29കാരനായ ശാസ്ത്രിയുടെ ഔദ്യോഗിക സാമ്പത്തിക വിഭാഗമായ ഛത്തർപൂരിലെ ‘ശ്രീ ബാഗേശ്വർ ജൻ സേവാ സമിതി ഗധ’യ്ക്കാണ് അനുമതി പത്രം കൈമാറിയത്. സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നീ വിഭാഗങ്ങൾക്ക് പുറമെ 'മതപരം (ഹിന്ദു)' എന്ന പ്രാഥമിക വിഭാഗത്തിലാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഏപ്രിൽ 15 വരെ രാജ്യത്ത് പുതുതായി 38 എൻ.ജി.ഒകൾക്കാണ് എഫ്.സി.ആർ.എ രജിസ്ട്രേഷൻ അനുവദിച്ചത്. ഇതിൽ ആറ് സംഘടനകൾ ‘മതപരം (ഹിന്ദു)’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

പശ്ചിമ ബംഗാളിലെയും ബിഹാറിലെയും രാമകൃഷ്ണ മിഷൻ ശാഖകൾ, ഡൽഹിയിലെ ദിവ്യജ്യോതി ജാഗൃതി സൻസ്ഥാൻ, കർണാടക ധർമസ്ഥലയിലെ ഇൻസ്റ്റിറ്റ്യൂഷൻ, ഉത്തർപ്രദേശിലെ രാധാസ്വാമി സത്സംഗ് എന്നീ ഗ്രൂപ്പുകളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് എഫ്.സി.ആർ.എ അനുവദിച്ചത്.

അഞ്ച് വർഷത്തേക്കാണ് എഫ്.സി.ആർ.എ രജിസ്ട്രേഷൻ കാലാവധി. കൃത്യസമയത്ത് പുതുക്കാത്തതും നിയമലംഘനം നടത്തിയതുമായ 21,933 എൻ.ജി.ഒകളുടെ ലൈസൻസ് 2026 മാർച്ച് മാസത്തോടെ കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. നിലവിൽ രാജ്യത്ത് 14,538 സംഘടനകൾക്ക് മാത്രമാണ് വിദേശഫണ്ട് സ്വീകരിക്കാൻ അനുമതിയുള്ളത്.

ഈ മാസം രണ്ടിന് അവസാനിച്ച പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ 2010ലെ എഫ്.സി.ആർ.എ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ സർക്കാർ അവതരിപ്പിച്ചിരുന്നു. ലൈസൻസ് റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്യുന്ന എൻ.ജി.ഒകളുടെ ആസ്തികൾ ആഭ്യന്തര മന്ത്രാലയത്തിന് ഏറ്റെടുക്കാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് ബിൽ പാസാക്കുന്നത് മാറ്റിവെക്കുകയായിരുന്നു.

തമിഴ്നാട്, കേരള മുഖ്യമന്ത്രിമാരും വിവിധ സാമുദായിക-മത സംഘടനകളും ഈ ഭേദഗതിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. രാഷ്ട്രീയ പിന്തുണയോടെ മതപരമായ വിഷയങ്ങളിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്ന ധീരേന്ദ്ര ശാസ്ത്രിയുടെ സംഘടനയ്ക്ക് വിദേശഫണ്ട് അനുവദിച്ചത് വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.

Tags:    
News Summary - FCRA approval granted to ‘Hindu Rashtra’ spokesperson Dhirendra Shastri’s group

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.