മകന് നീറ്റ് ചോദ്യപേപ്പർ ചോർത്താൻ പിതാവ് ചെലവാക്കിയത് പത്ത് ലക്ഷം; എന്നിട്ടും കിട്ടിയത് 720ൽ 107 മാർക്ക്

ന്യൂഡൽഹി: നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ചാ കേസിൽ സി.ബി.ഐ അന്വേഷണം രാജസ്ഥാനിലെ സിക്കാർ ജില്ലയെ കടുത്ത നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കേന്ദ്ര അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. നീറ്റ് ചോദ്യപേപ്പറിനോട് സമാനമായ "ഗസ്സ് പേപ്പർ പ്രതികൾ കൈക്കലാക്കുകയും, അത് കോച്ചിംഗ് സെന്ററുകളിലേക്ക് എത്തിക്കുകയും അവിടെ നിന്ന് മറ്റുള്ളവരിലേക്ക് പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് കണ്ടെത്തൽ. അറസ്റ്റിലായ ദിനേഷ് ബിവാൽ, മംഗിലാൽ ബിവാൽ എന്നീ സഹോദരന്മാരും മംഗിലാലിന്റെ മൂത്ത മകൻ വികാസും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്.

മകൻ ഋഷിക്ക് വേണ്ടി ചോദ്യപേപ്പർ സംഘടിപ്പിക്കാൻ ദിനേഷ് ബിവാൽ സിക്കാറിൽ വെച്ച് 10 ലക്ഷം രൂപയോളം നൽകിയിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. ചോദ്യപേപ്പർ മുൻകൂട്ടി ലഭിച്ചിട്ടും നീറ്റ് പരീക്ഷയിൽ 720-ൽ വെറും 107 മാർക്ക് മാത്രമാണ് ഋഷിക്ക് നേടാനായത്. ഇയാൾ നിലവിൽ ഒളിവിലാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തന്റെ മകന് വേണ്ടിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ ദിനേഷ് സമ്മതിച്ചതായി അന്വേഷണവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ഋഷി ബിവാലിനായി സി.ബി.ഐ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. 

സ്കൂൾ പരീക്ഷകളിലും ഋഷി വളരെ പിന്നിലായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പത്താം ക്ലാസിൽ 44 ശതമാനം മാർക്ക് മാത്രമാണ് ഇയാൾക്ക് ലഭിച്ചത്. ഗ്രേസ് മാർക്കിന്റെ സഹായത്തോടെയാണ് ഇയാൾ പന്ത്രണ്ടാം ക്ലാസ് പാസായത്. ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ തിയറി പരീക്ഷകളിൽ മാർക്ക് വളരെ കുറവായിരുന്നു. പഠനത്തിൽ ഇത്രയും പിന്നിലായിരുന്നിട്ടും, മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കായി കുടുംബം ഇയാളെ ഒരുക്കുകയായിരുന്നു.

ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിനും ഉദ്യോഗാർഥികളുമായി ആശയവിനിമയം നടത്തുന്നതിനും സിക്കാറിലെ ഫ്ലാറ്റ് ഉപയോഗിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. മാഫിയാ ശൃംഖലയുമായി ബന്ധമുള്ള ഏകദേശം 150-ഓളം വിദ്യാർഥികളെ സി.ബി.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാവരും നിലവിൽ കടുത്ത നിരീക്ഷണത്തിലാണ്.

Tags:    
News Summary - Father spend 10 lakh to leak neet question paper but son failed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.