ഘാതകനെ തൂക്കിക്കൊല്ലുക തന്നെ വേണം-അഫ്രസുലിന്‍റെ ഭാര്യ

കൊൽക്കത്ത:  അഫ്രസുൽ കൊല്ലപ്പെട്ടെന്ന് അവർക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മഴു കൊണ്ട് തലക്കടിച്ച് വീഴ്ത്തി തീ കൊളുത്തി കൊല്ലപ്പെടാൻ മാത്രം അഫ്രസുൽ എന്താണ് ചെയ്തത്? കുടുബാംഗങ്ങൾ ചോദിക്കുന്നു. ഒരു മൃഗത്തെ പോലെ അഫ്രസുലിനെ കൊല്ലുകയും ആ ദൃശ്യങ്ങൾ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തവനെ തൂക്കിലേറ്റുക തന്നെ വേണം- അഫ്രസുലിന്‍റെ ഭാര്യ ഗുൽബഹാർ ബീവി പറഞ്ഞു.

എനിക്ക് നീതി ലഭിക്കണം. അദ്ദേഹം കൊല്ലപ്പെട്ടത് ഒരു മുസ്ലിം ആയതുകൊണ്ട് മാത്രമാണ്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാർത്ത ഞാനറിഞ്ഞത്- ഗുൽബഹാർ പറഞ്ഞു.

ചൊവ്വാഴ്ചയും പിതാവ് ഞങ്ങളോട് സംസാരിച്ചിരുന്നു. എല്ലാ ദിവസവും അദ്ദേഹം വിളിക്കാറുണ്ട്. എന്താണ് ലവ് ജിഹാദെന്ന് ഞങ്ങൾക്കറിയില്ല. പേരക്കുട്ടികൾ പോലും ഉള്ള അദ്ദേഹത്തെ തീ കൊളുത്തുന്നതിന് മുൻപ് ഇറച്ചിവെട്ടുന്നതു പോലെയാണ് അവൻ വെട്ടിയരിഞ്ഞത്. അങ്ങനെ ചെയ്തവർക്കും അതേപോലുള്ള ശിക്ഷ ലഭിക്കണം. കൊല്ലപ്പെടുന്നതിന് മുൻപ് വളരെ ദയനീയമായ രീതിയിലാണ് അദ്ദേഹം കരഞ്ഞത്- അഫ്രസുലിന്‍റെ മകൾ റജീന ഖാതുൻ പറഞ്ഞു.

മൂന്ന് പെൺമക്കളുടെ പിതാവായ അഫ്രസുൽ ഇളയ മകളുടെ വിവാഹത്തിനായി ഈ മാസം അവസാനം രാജസ്ഥാനിൽ നിന്നും ബംഗാളിലേക്ക് വരാനിരിക്കുകയായിരുന്നു. കഴിഞ്ഞ 12 വർഷങ്ങളായി ഇദ്ദേഹം രാജസ്ഥാനിൽ ജോലി ചെയ്യുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ബംഗാളിൽ ഒരു ചെറിയ പ്ളോട്ട് മാത്രമാണ് ഇദ്ദേഹത്തിന് സ്വന്തമായി ഉള്ളത്. 

ഈ കൃത്യത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന് പിന്നിൽ സ്വാധീനമുള്ള ആളുകളുമുണ്ട്. കുടുംബാംഗങ്ങൾ പറഞ്ഞു. 

സംഭവത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം നിരവധി ആളുകൾ പശ്ചിമ ബംഗാളിലെ അഫ്രസുലിന്‍റെവീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. തങ്ങളറിയുന്ന അഫ്രസുൽ ഒരു തെറ്റും ചെയ്യുമെന്ന് അവർ വിശ്വസിക്കുന്നില്ല. 

മൂന്ന് പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബത്തിലെ ഏകവരുമാന മാർഗമാണ് അഫ്രസുൽ. ഇളയ മകൾ പത്താംക്ളാസ് വിദ്യാർഥിനിയാണ്. ഇനി ഈ കുടുംബം എങ്ങനെ മുന്നോട്ടുപോകും എന്നാണ് നാട്ടുകാരുടെ ആശങ്ക. 

Tags:    
News Summary - Family members of labourer hacked, burnt alive in Rajasthan demand guilty be hanged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.