ചെന്നൈ: തമിഴ്നാട്ടിൽ അതിഥി തൊഴിലാളികൾ പീഡിപ്പിക്കപ്പെടുന്നുവെന്ന വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് തീവ്രഹിന്ദുത്വ വാർത്താപോർട്ടലായ ‘ഓപ് ഇന്ത്യ’ ഡോട്ട് കോം ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രാഹുൽ രോഷൻ, എഡിറ്റർ ഇൻ ചീഫ് നുപുർ ജെ. ശർമ എന്നിവർക്കെതിരെ ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡി.എം.കെ ഐ.ടി വിങ് ഭാരവാഹി സൂര്യപ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
താലിബാൻ മോഡൽ ആക്രമണങ്ങളിൽ തമിഴ്നാട്ടിൽ ഹിന്ദി സംസാരിക്കുന്ന 15ഓളം അതിഥി തൊഴിലാളികൾ കൊല്ലപ്പെട്ടതായും ചിലരുടെ തല അറുത്തതായും ഈ ഓൺലൈൻ ന്യൂസ് മാഗസിൻ വ്യാജവാർത്ത പടച്ചുവിട്ടിരുന്നു. വാർത്ത കുടിയേറ്റ തൊഴിലാളികൾക്കിടയിൽ ഭീതിപടർത്തിയതായാണ് പരാതി. ഐ.പി.സി 153-എ (വിവിധ സമൂഹങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 (പൊതുവിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.
പ്രത്യേക സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ തമിഴ്നാട്ടിലെത്തിയ ബിഹാർ ഗ്രാമവികസന സെക്രട്ടറി ഡി. ബാലമുരുകൻ കുടിയേറ്റ തൊഴിലാളികൾക്കിടയിലെ ഭയം ലഘൂകരിക്കാനുള്ള തമിഴ്നാട് സർക്കാറിന്റെ നടപടികളിൽ സംതൃപ്തി പ്രകടിപ്പിച്ചു. തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന അതിഥി തൊഴിലാളികളുമായി ബാലമുരുകൻ സംവദിച്ചു.
അതിനിടെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിർദേശാനുസരണം ഡി.എം.കെ മുതിർന്ന നേതാവും എം.പിയുമായ ടി.ആർ. ബാലു ചൊവ്വാഴ്ച പട്നയിലെത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നേരിൽ സന്ദർശിച്ച് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തി.
ഹോളി ആഘോഷത്തിനായി നേരത്തെ ടിക്കറ്റ് ബുക് ചെയ്ത തൊഴിലാളികളാണ് സ്വദേശത്തേക്ക് പോയതെന്നും ഇതിനെ തമിഴ്നാട്ടിൽനിന്ന് അതിഥി തൊഴിലാളികൾ കൂട്ടപ്പലായനം നടത്തുന്നതായി പ്രചാരണം നടത്തുന്നതും കുടിയേറ്റ തൊഴിലാളികൾക്കെതിരെ ആക്രമണം നടക്കുന്നതായി പ്രചരിപ്പിക്കുന്ന വിഡിയോകളും വ്യാജമാണെന്ന് തമിഴ്നാട് പൊലീസ് ഡി.ജി.പി സി. ശൈലേന്ദ്രബാബു പറഞ്ഞു.
ബിഹാറിൽനിന്നുള്ള തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ കേസിൽ ബിഹാർ ബി.ജെ.പി വക്താവ് പ്രശാന്ത്കുമാർ ഉംറാവുവിന് ഡൽഹി ഹൈകോടതി മുൻകൂർജാമ്യം അനുവദിച്ചു. മാർച്ച് 20വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. വിദ്വേഷപ്രചാരണത്തിന് തൂത്തുക്കുടി പൊലീസാണ് കേസെടുത്തത്.
കുടിയേറ്റ തൊഴിലാളികൾ ആക്രമിക്കപ്പെടുന്നതായ വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച ബിഹാർ സ്വദേശിയായ രൂപേഷ് കുമാർ എന്ന യുവാവിനെ തെലങ്കാനയിൽവെച്ച് തിരുപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പൊതുയോഗത്തിൽ ഫാറൂഖ് അബ്ദുല്ല, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ ഉത്തരേന്ത്യൻ നേതാക്കൾ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലും മറ്റും വിദ്വേഷപ്രചാരണം ശക്തിപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.