യുക്രെയ്നിൽ നിന്ന് മടങ്ങിയ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിയുമോ?

യുദ്ധത്തിൽ തകർന്ന യുക്രെയ്നിൽ നിന്നും രക്ഷനേടിയതിന്‍റെ ആശ്വാസമുണ്ടെങ്കിലും ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളുടെ ഭാവി തുലാസിൽ തൂങ്ങിയാടുകയാണ്. സ്വയരക്ഷ തേടി പഠനം പാതിവഴിയിലിട്ട് നാട്ടിലേക്ക് മടങ്ങിയ ഇവർ ഡോക്ടറാകണമെന്ന ആഗ്രഹം പൂവണിയുമോ എന്ന ആശങ്കയിലാണ്.

യുക്രെയ്നിൽ മലയാളി വിദ്യാർഥികളടക്കം പഠിച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ തകർക്കുന്നത് റഷ്യ തുടരുകയാണ്. ഈ സാഹചര്യത്തിൽ യുക്രെയ്നിന്‍റെ വിദ്യാഭ്യാസ മേഖലയുടെ ഭാവിയും ചോദ്യ ചിഹ്നമായി തുടരുകയാണ്.


ഇന്ത്യയിൽ പഠനം തുടരാനാകുമോ?

ഇന്ത്യയിലെത്തിയ മെഡിക്കൽ വിദ്യാർഥികളെ ഉൾക്കൊള്ളാൻ ഇന്ത്യയിലെ സർവകലാശാലകൾക്ക് സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. 'ഇന്ത്യയിൽ പഠനം തുടരാനായെങ്കിൽ നന്നായിരുന്നു. എന്നാൽ, പുതുതായി 20,000 വിദ്യാർഥികളെ ഉൾക്കൊള്ളാൻ ഇന്ത്യയിലെ സർവകലാശാലകൾക്ക് സാധിക്കുമെന്ന് പ്രതീക്ഷയില്ല. എന്റെ സുഹൃത്തുക്കൾ പഠിച്ചിരുന്ന ലുഗാൻസ്ക് മെഡിക്കൽ സർവകലാശാല ആക്രമണത്തിൽ പൂർണമായും തകർന്നു' - യുക്രെയ്നിലെ വിന്നീഷ്യ യൂനിവേഴ്സിറ്റിയിൽ മെഡിക്കൽ വിദ്യാർഥിനിയായ ശ്രേയ ശർമ പറഞ്ഞു.


പോളണ്ടിന്റെ വാഗ്ദാനത്തിൽ പ്രതീക്ഷ

യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികളെ ഉൾക്കൊള്ളാൻ തയ്യാറാണെന്ന പോളണ്ടിലെ സർവകലാശാലകളുടെ വാഗ്ദാനമാണ് നിലവിൽ മെഡിക്കൽ വിദ്യാർഥികളുടെ ആശ്വാസം. പോളണ്ട്, ഹംഗറി, അർമേനിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാനാണ് മിക്ക വിദ്യാർഥികളും ശ്രമിക്കുന്നതെന്നും മെഡിക്കൽ വിദ്യാർഥികൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കുന്ന പാഠ്യ പദ്ധതികളും അഭയാർത്ഥി പ്രോഗ്രാമുകളും ഇത്തരം രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ശ്രേയ ശർമ പറഞ്ഞു.


യു.എന്നിൽ ഇന്ത്യ യുക്രെയ്ന് അനുകൂലമായി വോട്ട് ചെയ്യാത്തത് പ്രതിസന്ധി സൃഷ്ടികുമോ എന്ന ആശങ്കയും വിദ്യാർഥികളിലുണ്ട്. വോട്ടെടുപ്പിൽനിന്ന് ഇന്തയ വിട്ടുനിന്നതു മൂലം തിരികെ യുക്രെയ്നിലേക്ക് പഠനത്തിനായി മടങ്ങുന്നത് ഭീഷണിയാകുമെന്ന ആശങ്കയുണ്ടെന്നും യുദ്ധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും തകർക്കപ്പെടുന്ന സാഹചര്യത്തിൽ സർവകലാശാലകൾക്ക് എന്ത് സംഭവിക്കുമെന്നതിൽ നിശ്ചയമില്ലെന്നും ഹരിയാനയിൽ നിന്നുള്ള യുക്രെയ്ൻ മെഡിക്കൽ വിദ്യാർഥി കുൽദീപ് പറഞ്ഞു.


ഇന്ത്യയുടെ പുതിയ നീക്കം ഗുണം ചെയ്യുമോ?

ദേശീയ മെഡിക്കൽ കമ്മീഷൻ പുറത്തിറക്കിയ ഏറ്റവും പുതിയ സർക്കുലർ പ്രകാരം ഇന്ത്യയിലെ വിദേശ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് രാജ്യത്ത് സേവനം ചെയ്യാൻ അനുമതിയുണ്ട്. കോവിഡ്, യുദ്ധം എന്നിവ കാരണം ഇന്‍റേൺഷിപ്പ് മുടങ്ങിയ ബിരുദധാരികൾക്ക് ഇന്ത്യയിൽ ഇന്‍റേൺഷിപ്പ് പൂർത്തിയാക്കാനും അനുമതിയുണ്ട്. സ്റ്റൈപ്പന്റിന് യോഗ്യത നേടുന്നതിന്, ബിരുദം പൂർത്തിയാക്കുകയും പരീക്ഷയ്ക്ക് ഹാജരായി യോഗ്യത നേടുകയും തുടർന്ന് ഇന്റേൺഷിപ്പ് പൂർത്തിയാക്കുകയും വേണം. എന്നൽ, നിലവിൽ യുക്രെയ്നിൽ നിന്നെത്തിയ വിദ്യാർഥികളിലധികവും രണ്ട്, മൂന്ന്, നാല് വർഷ ബിരുദ വിദ്യാർഥികളാണ്. അതിനാൽ, പുതിയ സർക്കുലർ യുക്രെയ്നിൽ നിന്നെത്തിയ മിക്ക വിദ്യാർഥികൾക്കും ബാധകമാകില്ലെന്നും ബിരുദം പൂർത്തിയായവർക്ക് മാത്രമാണ് ഉപകാരപ്പെടുകയെന്നും ഇ.എസ്.ഐ.സി ഹോസ്പിറ്റലിലെ ഡോ. രോഹൻ കൃഷ്ണൻ പറഞ്ഞു.


ഐ.എം.എ പ്രധാന മന്ത്രിക്ക് കത്തയച്ചു

യുക്രെയ്നിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥികളെ ഇന്ത്യയിലെ മെഡിക്കൽ സർവകലാശാലകളിൽ ഉൾക്കൊള്ളുന്നതിനായി കൂടുതൽ സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഐ.എം.എയുടെ നിർദേശ പ്രകാരം സീറ്റുകൾ വർധിപ്പിക്കുന്നതിന് എൻ.എം.സി നിയമത്തിൽ ഭേദഗതി വരുത്തേണ്ടി വരുമെന്നും ഓരോ വർഷത്തേയും മെഡിക്കൽ സീറ്റുകൾ തീരുമാനിക്കുന്നത് എൻ.എം.സി.യാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ആവശ്യത്തിനുള്ള ഡോക്ടർമാരി​ല്ലെന്ന് ബത്ര ഗ്രൂപ്പ് സ്ഥാപകൻ ഡോ. മുകേഷ് ബത്ര പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസം കൂടുതൽ പ്രാപ്യമാക്കുകയും നിലവിലുള്ള ആരോഗ്യ സംവിധാനത്തിന്റെ ഭാരം കുറക്കാനും ആരോഗ്യ വിദ്യഭ്യാസ മേഖലയിൽ ആവശ്യമായ വികസനം നടപ്പാക്കാനും സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു.

വിദ്യാഭ്യാസ മേഖലയിൽ യുക്രെയ്ൻ മുൻനിരയിൽ

വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങളൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻ പന്തിയിൽ നിൽക്കുന്ന രാജ്യമാണ് യുക്രെയ്ൻ. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഗ്ലോബൽ കോമ്പറ്റിറ്റീവ്നസ് റിപ്പോർട്ട് അനുസരിച്ച്, പ്രൈമറി സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് 144 രാജ്യങ്ങളിൽ യുക്രെയ്ൻ 31-ാം സ്ഥാനത്താണ്, സെക്കൻഡറി വിദ്യാഭ്യാസത്തിൽ 41-ാം സ്ഥാനത്തും ഉന്നത പ്രഫഷണൽ വിദ്യാഭ്യാസത്തിൽ 13-ാം സ്ഥാനവുമാണ് യുക്രെയ്നിനുള്ളത്.


മെഡിസിൻ മേഖലയിൽ ഏറ്റവും കൂടുതൽ ബിരുദ, ബിരുദാനന്തര സ്പെഷ്യലൈസേഷനുകൾ ലഭ്യമാക്കുന്ന യുറോപ്യൻ മേഖലകളിൽ നാലാം സ്ഥാനത്താണ് യുക്രെയ്ൻ. സർക്കാർ അധീനതയിലുള്ള സർവകലാശാലകൾ കുറഞ്ഞ ചെലവിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനാൽ വിദേശത്തു നിന്നും നിരവധി വിദ്യാർഥികളാണ് ഉപരി പഠനത്തിനായി യുക്രെയിനിലെത്തുന്നത്. എന്നാൽ റഷ്യൻ അധിനിവേശം ശക്തമായതോടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് ഈ രാജ്യവും വിദ്യാർഥികളും.

Tags:    
News Summary - Experts comment on future of Medical Students from Ukraine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.