ന്യൂഡൽഹി: പരമ്പരാഗത രീതികൾ മാറ്റി ഇരകളിലേക്ക് കൂടുതൽ ഇറങ്ങിച്ചെന്ന് സമരം ഏറ്റെടുക്കാനൊരുങ്ങി കോൺഗ്രസ്. എട്ടാം തീയതി ഡൽഹിയിൽ നടന്ന ഇൻഡ്യാ മുന്നണി യോഗത്തിൽ, ബി.ജെ.പിയെ തോൽപിക്കണമെങ്കിൽ പ്രതിപക്ഷ പാർട്ടികൾ സമരരീതി മാറണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഊന്നൽ നൽകിയത്. ഇതിന് പിന്നാലെ വ്യാഴാഴ്ച പാർട്ടി ദേശീയ ആസ്ഥാനത്ത് നടന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ളവർ, സംസ്ഥാന അധ്യക്ഷന്മാർ എന്നിവരുടെ യോഗത്തിലും ഈ വിഷയത്തിൽ ചർച്ച നടന്നു.
യോഗത്തിലെ തീരുമാനം അനുസരിച്ച്, പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജൂൺ 17ന് ഏറ്റവും കൂടുതൽ പരീക്ഷാ പരിശീലന കേന്ദ്രങ്ങളുള്ള രാജസ്ഥാനിലെ കോട്ടയിൽ ആരംഭിച്ച്, ജൂലൈ 10ന് അലഹബാദ്, ജൂലൈ 11ന് പട്ന, ജൂലൈ 14ന് ഡൽഹി എന്നിവിടങ്ങളിൽ കൺവെൻഷനുകൾ സംഘടിപ്പിക്കും. വിദ്യാർഥികൾ, മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർ, യുവജന സംഘടനകൾ, അധ്യാപകർ എന്നിവരെയെല്ലാം ഈ കൺവെൻഷനുകളിലേക്ക് എത്തിക്കും. തുടർന്ന് സമരം തെരുവുകളിലേക്ക് എത്തിക്കാനുമാണ് കോൺഗ്രസ് തീരുമാനം.
പരീക്ഷാ ക്രമക്കേടിന് പുറമേ, വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഏറ്റെടുത്ത് രണ്ടുമാസം നീണ്ട രാജ്യവ്യാപക കാമ്പയിൻ നടത്തും. ഇതിന് മുന്നോടിയായി പാർട്ടി സംവിധാനങ്ങളെ അടിത്തട്ടിൽ മുതൽ സജ്ജമാക്കാൻ യോഗത്തിൽ തീരുമാനിച്ചു. വിഷയങ്ങൾ ഏറ്റെടുത്ത് അതിന്റെ ഇരകളിലേക്ക് ഇറങ്ങിച്ചെല്ലാനും അവരെ കൂട്ടിപ്പിടിക്കാനുമാണ് പ്രധാനമായും കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് യോഗത്തിന് ശേഷം സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിശദീകരിക്കുകയുണ്ടായി. ഗ്രേറ്റർ നികോബാർ പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി നിരന്തരം അവിടെ സന്ദർശിച്ചും അവിടത്തെ ആളുകളെ കണ്ട് സംസാരിച്ചും വിഷയം ഏറ്റെടുത്തിരുന്നു. ഇത്തരത്തിൽ ഒഡിഷയിലെയും ഝാർഖണ്ഡിലെയും ആദിവാസി ഭൂമികൾ വികസനത്തിന്റെ പേരിൽ ഏറ്റെടുക്കുന്നതടക്കമുള്ള വിഷയങ്ങൾ വരും നാളുകളിൽ കോൺഗ്രസ് ഏറ്റെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.