ശശി തരൂർ
മുംബൈ: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധങ്ങളിൽ കോക്രോച്ച് ജനത പാർട്ടിക്ക് ലഭിച്ചതു പോലുള്ള പിന്തുണ കോൺഗ്രസിന്റെ സമരങ്ങൾക്ക് ലഭിച്ചില്ലെന്ന് ശശി തരൂർ എം.പി.
കോൺഗ്രസിന് അർഹമായ രീതിയിൽ ജനങ്ങളിൽ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ല. വിഷയത്തിൽ രാഹുൽ ഗാന്ധി തുടക്കത്തിൽ തന്നെ രംഗത്തുവന്നിരുന്നുവെങ്കിലും, ആ പ്രതിഷേധത്തെ വലിയൊരു ജനകീയ മുന്നേറ്റമാക്കി മാറ്റാൻ പാർട്ടിക്ക് സാധിച്ചില്ല. ഇതിന്റെ കാരണങ്ങൾ പാർട്ടി സ്വയം വിശകലനം ചെയ്യണമെന്നും തരൂർ ആവശ്യപ്പെട്ടു.
മുംബൈയിൽ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥി വിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നതിൽ കൂടുതൽ ജാഗ്രത വേണമെന്ന് ഓർമിപ്പിച്ച തരൂർ, തെരുവിൽ പ്രതിഷേധിക്കേണ്ട വിഷയങ്ങളിൽ തെരുവിലും പാർലമെന്റിൽ ഉന്നയിക്കേണ്ടവ സഭയിലും ശക്തമായി അവതരിപ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ ആശങ്കകൾ മനസ്സിലാക്കി അവർക്കൊപ്പം നിൽക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞു.
കോൺഗ്രസിന്റെ ‘ഛാത്രോം കി ഗൂഞ്ച്’ വിദ്യാർഥി സമ്പർക്ക പരിപാടിയിലും നീറ്റ് ക്രമക്കേടുകൾ ചർച്ച ചെയ്തിരുന്നുവെങ്കിലും പ്രതീക്ഷിച്ച ജനപിന്തുണ ലഭിച്ചില്ല. ജനങ്ങളുടെ ശബ്ദം കേൾക്കുന്നതിൽ പാർട്ടിക്ക് പിഴവ് പറ്റിയോ? പുതുതലമുറയെ തിരിച്ചറിയുന്നതിൽ വീഴ്ചയുണ്ടായോ? എന്നീ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
രാഷ്ട്രീയത്തിൽ നാം ജനങ്ങളെ കേൾക്കാനും അവരുമായി സംവദിക്കാനും തയാറാകണമെന്ന് താൻ വിശ്വസിക്കുന്നതായി അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ‘ആത്യന്തികമായി രാഷ്ട്രീയം രാജ്യത്തിന്റെ നന്മക്കു വേണ്ടിയുള്ളതാണ്. നമ്മുടെ ജനസംഖ്യയിൽ ചെറുപ്പക്കാർ ഇപ്പോൾ കൂടുതൽ പ്രാധാന്യമുള്ള ഒരു വിഭാഗമായി മാറിക്കഴിഞ്ഞു. ഞാൻ ചൂണ്ടിക്കാണിച്ച പോലെ, 2029-ൽ ഏറ്റവും വലിയ ഒറ്റ വോട്ടിങ് ബ്ലോക്ക് അവരായിരിക്കും’ -തരൂർ വ്യക്തമാക്കി.
‘പുതുതലമുറ എന്തിനെക്കുറിച്ചാണ് ഉത്കണ്ഠപ്പെടുന്നതെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും കേൾക്കേണ്ടത് നമ്മുടെ രാഷ്ട്രീയ താൽപര്യം കൂടിയാണ്. അതിനാൽ, അവരോട് സംസാരിക്കാൻ ഞാൻ എപ്പോഴും തൽപരനാണ്. ജന്തർ മന്തറിൽ പോലും അവരെ കേൾക്കാൻ മാത്രമാണ് പോയത്. അവിടെ ഞാൻ പ്രസംഗമൊന്നും നടത്തിയിരുന്നില്ല; അവർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കുക മാത്രം ചെയ്തു. നാം കേൾക്കാൻ തയാറാകണം. എല്ലാ രാഷ്ട്രീയക്കാർക്കും നൽകാനുള്ള വളരെ പ്രധാനപ്പെട്ട ഒരു സന്ദേശമാണിത്’ -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.