ഹൈദരാബാദ്: തെലങ്കാന സർക്കാരിന്റെ ശമ്പള വിതരണ സംവിധാനത്തിൽ വൻ ക്രമക്കേട് കണ്ടെത്തി. റവന്യൂ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ പ്രതിമാസം രണ്ട് ലക്ഷം രൂപയിലും അധികവും, പൊലീസ് വകുപ്പിലെ മറ്റൊരു ജീവനക്കാരൻ ഒരു ലക്ഷം രൂപയിലും അധികവും ശമ്പളം കൈപ്പറ്റി വരുന്നതായി കണ്ടെത്തി. വ്യത്യസ്ത പേരുകളിലായി വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഇവരുടെ വിവരങ്ങൾ പരിശോധിച്ചപ്പോൾ ഒരേ തിരിച്ചറിയൽ നമ്പറിലാണ് ഇരുവരും രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വ്യക്തമായി.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് എ.ബി.എൻ റിപ്പോർട്ട് ചെയ്യുന്നത്. ഫിനാൻസ് വകുപ്പ് നടത്തിയ പരിശോധനയിൽ സമാനമായ രീതിയിൽ 40 തിരിച്ചറിയൽ നമ്പറുകളിലായി ബന്ധിപ്പിച്ചിട്ടുള്ള 80 ജീവനക്കാരെ കണ്ടെത്തിയിട്ടുണ്ട്. ഒരു നമ്പറിന് കീഴിൽ രണ്ട് ജീവനക്കാർ വീതമാണ് ഉള്ളത്. ഇവർക്കെല്ലാം പ്രതിമാസം ഒരു ലക്ഷം മുതൽ നാല് ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന സ്ഥിരം ജീവനക്കാരുമാണ്.
സംസ്ഥാന സർക്കാരിന്റെ ഇന്റഗ്രേറ്റഡ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം വഴി ജീവനക്കാരുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് ഈ പൊരുത്തക്കേട് പുറത്തുവന്നത്. സ്ഥിരം, ഗ്രാന്റ്-ഇൻ-എയ്ഡ്, താൽക്കാലിക ജീവനക്കാരുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ, വ്യത്യസ്ത വകുപ്പുകളിൽ വെവ്വേറെ പേരുകളിൽ ജോലി ചെയ്യുന്നവർ ഒരേ തിരിച്ചറിയൽ നമ്പറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.
പൊലീസ്, റവന്യൂ, വിദ്യാഭ്യാസം, പഞ്ചായത്ത് രാജ്, പൊതുആരോഗ്യം എന്നീ വകുപ്പുകളിലാണ് ഒരേ തിരിച്ചറിയൽ നമ്പറിൽ രണ്ട് വ്യത്യസ്ത വ്യക്തികളെന്ന വ്യാജേന ഇരട്ട ശമ്പളം വാങ്ങുന്ന ഇത്തരം കേസുകൾ കൂടുതലായി കണ്ടെത്തിയിട്ടുള്ളത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ വിവിധ സർക്കാർ വകുപ്പുകൾക്ക് ചീഫ് സെക്രട്ടറി സഞ്ജയ് ജാജു വെള്ളിയാഴ്ച സർക്കുലർ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.