ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ പ്രതിയായ എക്സാലോജിക്- സി.എം.ആർ.എല്‍ കേസില്‍ അന്വേഷണം തുടരുമെങ്കിലും വിചാരണ കോടതിയില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കില്ലെന്ന് എസ്.എഫ്.ഐ.ഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ്) വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ഡൽഹി ഹൈകോടതി.
മുതിര്‍ന്ന അഭിഭാഷകര്‍ നല്കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലക്കെടുക്കാറുണ്ടെന്ന് ജസ്റ്റിസ് സുബ്രമണ്യം വ്യക്തമാക്കി. എന്തുകൊണ്ടാണ് ഉറപ്പ് പാലിക്കാത്തതെന്നും എസ്.എഫ്.ഐ.ഒക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി ചോദിച്ചു. കേസിൽ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ആദ്യം ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചാണ് ഹരജി പരിഗണിച്ചിരുന്നത്.
തുടർന്ന് ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ചിൽ പരിഗണനക്കെത്തിയപ്പോൾ ഹരജിയില്‍ അന്തിമ തീർപ്പുണ്ടാകുന്നതു വരെ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമർപ്പിക്കില്ലെന്ന് എസ്.എഫ്.ഐ.ഒ അഭിഭാഷകൻ 2024 സെപ്റ്റംബര്‍ രണ്ടിന് ജസ്റ്റിസ് സുബ്രമണ്യത്തിന്റെ ബെഞ്ചിന് വാക്കാൽ ഉറപ്പ് നൽകിയിരുന്നുവെന്ന് സി.എം.ആർ.എൽ ചൂണ്ടിക്കാട്ടുകയായിരുന്നു. അതേസമയം, ഇത്തരം ഒരുറപ്പ് നൽകിയത് അറിയില്ലെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവും അഭിഭാഷകരും വ്യക്തമാക്കി. തുടർന്ന്, ഹരജി ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസിന് വിടുകയും വിഷയത്തിൽ വ്യക്തത വരുത്താൻ ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചിൽ ലിസ്റ്റ്ചെയ്യുകയുമായിരുന്നു.
ഹൈകോടതിയുടെ പരിഗണനയിലുള്ള ഹരജിയില്‍ അന്തിമ തീര്‍പ്പ് വരുന്നതുവരെ അന്വേഷണ റിപ്പോർട്ട് നൽകില്ലെന്ന് എസ്.എഫ്.ഐ.ഒ വാക്കാൽ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് വ്യക്തമാക്കി. ഇതോടെ കേസിൽ അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത എസ്.എഫ്.ഐ.ഒ നടപടി വീണ്ടും ചോദ്യചെയ്യപ്പെട്ടേക്കും. വിശദാംശങ്ങൾ വ്യക്തമാക്കി, ഹരജി ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസിന് കൈമാറി. കേസ് തുടർന്ന് പരിഗണിക്കുന്ന ബെഞ്ചിനെ ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.