മുംബൈ: 2006ലെ ഔറംഗാബാദ് ആയുധവേട്ട കേസിൽ മുൻ സിമി പ്രവർത്തകൻ അഫ്രോസ് ഖാൻ പത്താണിന്റെ (47) ജീവപര്യന്തം ശിക്ഷ ബോംബെ ഹൈകോടതി താൽക്കാലികമായി റദ്ദാക്കി. അഫ്രോസിന് ജാമ്യവും നൽകി. 2016ലാണ് അഫ്രോസിനും കൂട്ടുപ്രതികൾക്കും പ്രത്യേക മകോക കോടതി ജീവപര്യന്തം തടവ് വിധിച്ചത്. വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ രേവതി മോഹിതെ ദരെ, ഗൗരി ഗോദ്സെ എന്നിവരുടെ ഇടക്കാല ഉത്തരവ്. അപ്പീലിൽ തീർപ്പായിട്ടില്ല.
രാജ്യവിരുദ്ധ പ്രവർത്തന ഗൂഢാലോചന, അതിനുള്ള ഫണ്ട് ബംഗ്ലാദേശിൽനിന്ന് കൊണ്ടുവരൽ എന്നീ കുറ്റങ്ങൾക്കാണ് അഫ്രോസിന് ശിക്ഷ വിധിച്ചത്. എന്നാൽ, രണ്ടു കൂട്ടുപ്രതികളുടെ കുറ്റസമ്മതമല്ലാതെ തനിക്കെതിരെ തെളിവില്ലെന്ന അഫ്രോസിന്റെ വാദം ഹൈകോടതി അംഗീകരിച്ചു.
കൂട്ടുപ്രതികൾ കുറ്റസമ്മതത്തിൽനിന്ന് പിന്നീട് പിന്മാറിയത് കോടതി ചൂണ്ടിക്കാട്ടി. അഫ്രോസ് 17 വർഷം ജയിലിൽ കഴിഞ്ഞിരുന്നു. അതിനിടയിൽ ബിരുദവും രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദവുമെടുത്തു. തലോജ ജയിൽ ആശുപത്രിയിൽ സേവനമനുഷ്ഠിക്കുകയും തീവ്രവാദ ചിന്തയുള്ളവർക്ക് കൗൺസലിങ് നടത്തുകയും ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
2006 മേയിലാണ് മഹാരാഷ്ട്ര എ.ടി.എസ് ഔറംഗാബാദിനടുത്ത് ദേശീയപാതയിൽ ടാറ്റ സുമോ, ഇൻഡിക കാറുകൾ പിന്തുടർന്ന് പിടികൂടിയത്. വാഹനങ്ങളിൽനിന്ന് 30 കിലോ ആർ.ഡി.എക്സ്, 10 എ.കെ 47 തോക്കുകൾ, വെടിയുണ്ടകൾ, ഗ്രനേഡ് തുടങ്ങിയവ കണ്ടെടുത്തതായും എ.ടി.എസ് അവകാശപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.