അയോധ്യ രാമക്ഷേത്രത്തിലെ കോടികൾ കാണാമറയത്ത്; സി.സി.ടി.വി മറച്ച് തട്ടിപ്പ്, പണം ഒളിപ്പിച്ചത് ശൗചാലയത്തിൽ -ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്ന് കോടികൾ തട്ടിയെടുത്ത് മികച്ച ആസൂത്രണത്തിലൂടെയെന്ന് റിപ്പോർട്ടുകൾ. ക്ഷേത്രത്തിലെ പണം എണ്ണുന്ന ജീവനക്കാർ തന്നെയാണ് തട്ടിപ്പിന് പിന്നിലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ എട്ടുപേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളായ ചമ്പത്ത് റായിയും അനിൽ മിശ്രയും ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു.

ബാങ്കുകളിൽ നിക്ഷേപിക്കുന്ന തുകയിൽ കുറവ് കണ്ടെത്തിയതോടെയാണ് ട്രസ്റ്റ് അധികൃതർക്ക് സംശയമുണ്ടായത്. പതിവായി 6-7 ലക്ഷം രൂപ ലഭിക്കേണ്ട സ്ഥാനത്ത് 500 രൂപയുടെ കെട്ടുകളിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്. തുടർന്ന് പണം എണ്ണുന്ന മുറിയിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചു. ഇതോടെയാണ് തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

ഒരാൾ സി.സി.ടി.വി ക്യാമറക്ക് മുന്നിൽ നിന്ന് ദൃശ്യങ്ങൾ മറക്കുമ്പോൾ, മറ്റൊരാൾ തുക കൈക്കലാക്കി വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു പതിവ്. ഇവർക്ക് പുറമെ, മറ്റൊരു രീതിയിലും തട്ടിപ്പ് നടന്നിരുന്നു. പണം എണ്ണുമ്പോൾ ബണ്ടിലുകളിൽ അധിക നോട്ടുകൾ തിരുകി കയറ്റിയ ശേഷം, ബാങ്കിലേക്ക് അയക്കുമ്പോൾ ഈ നോട്ടുകൾ എടുത്തുമാറ്റും. ഇങ്ങനെ കണക്കുകൾ കൃത്യമാണെന്ന് വരുത്തിത്തീർത്ത് പണം തട്ടിയെടുക്കുകയായിരുന്നു.

ശൗചാലയത്തിൽ ഒളിപ്പിച്ചു

തട്ടിയെടുത്ത പണം ആദ്യം ക്ഷേത്ര സമുച്ചയത്തിലെ ശൗചാലയങ്ങളിലാണ് ഒളിപ്പിച്ചിരുന്നത്. പിന്നീട് അവസരം കിട്ടുമ്പോൾ അത് പുറത്തേക്ക് കടത്തുകയും പങ്കുവെക്കുകയുമായിരുന്നു. 2024ൽ ക്ഷേത്രം തുറന്നതുമുതൽ ഈ സംഘം തട്ടിപ്പ് നടത്തുന്നുണ്ടെന്നാണ് സൂചന. ഏപ്രിൽ 27 മുതൽ ജൂൺ അഞ്ച് വരെയുള്ള കാലയളവിൽ മാത്രം 70 തവണ ഇവർ പണം മോഷ്ടിച്ചതായി സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് തെളിഞ്ഞു.

അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രാമശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാമശങ്കർ യാദവ് (തിന്നു യാദവ്) എന്നിവരാണ് അറസ്റ്റിലായ എട്ടുപേർ. തട്ടിപ്പിന്റെ സൂത്രധാരന്മാരായ തിന്നു യാദവും സുഭാഷ് ശ്രീവാസ്തവയുമാണ്. ചമ്പത്ത് റായിയുടെ ഡ്രൈവറായിരുന്ന തിന്നു യാദവാണ് സ്വന്തം ബന്ധുവായ മനീഷിനെ പണം എണ്ണുന്ന സംഘത്തിൽ ഉൾപ്പെടുത്തിയത്. ക്ഷേത്രത്തിലെ നിധിശേഖരത്തിൽനിന്ന് സ്വർണാഭരണങ്ങളും ഇവർ മോഷ്ടിച്ചതായി റിപ്പോർട്ടിലുണ്ട്.

സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ പേപ്പറിൽ മാത്രമായി ഒതുങ്ങിയെന്നും മേൽനോട്ട തലത്തിൽ കടുത്ത വീഴ്ചയുണ്ടായെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. ജീവനക്കാർ ക്ഷേത്രത്തിൽനിന്ന് പോകുമ്പോൾ പരിശോധന നടത്തിയിരുന്നില്ല. മുൻകാലങ്ങളിലെ ഓഡിറ്റ് റിപ്പോർട്ടുകളും സി.സി.ടി.വി കവറേജിലെ പോരായ്മകളും ഇടക്കാല റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. ഏഴ് മുതൽ 7.5 കോടി രൂപ വരെ നഷ്ടപ്പെട്ടതായാണ് പ്രാഥമിക കണക്ക്. നിലവിൽ 70 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരുമായും ഇവർക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

Tags:    
News Summary - Crores stolen from Ram Temple donation box, CCTV blocked and cash hidden in toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.