പ്രതീകാത്മക ചിത്രം എ.ഐ

രേഖകളിൽ കൃത്രിമം, കർഷകരുടെ പേരിൽ കോടികളുടെ വെട്ടിപ്പ്: മധ്യപ്രദേശിൽ ഗോതമ്പ് സംഭരണ അഴിമതി

ഭോപ്പാൽ: മധ്യപ്രദേശിൽ കർഷകരുടെ രേഖകൾ ഉപയോഗിച്ച് സർക്കാർ സംഭരണകേന്ദ്രങ്ങളിൽ ഗോതമ്പ് വിറ്റതായി ആരോപണം. മിനിമം സപ്പോർട്ട് സംവിധാനം ദുരുപയോഗം ചെയ്ത് കോടിക്കണക്കിന് രൂപക്ക് ഗോതമ്പ് വിറ്റുവെന്നാണ് കണ്ടെത്തൽ. മൊറേന, ഭിന്ദ്,രാജ്ഗഢ് എന്നീ ജില്ലകളിലാണ് അഴിമതി നടന്നത്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കർഷകരുടെ ഭൂമിയുടെ സർവേ നമ്പറുകൾ ഉപയോഗിച്ചാണ് കുറ്റകൃത്യം നടത്തിയത്. സംഭവത്തിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.ഡബ്ല്യൂ) അന്വേഷണം ആരംഭിച്ചു. അയൽ സംസ്ഥാനമായ ഉത്തർപ്രദേശിൽ നിന്ന് ക്വിന്റലിന് 2,200 മുതൽ 2,400 രൂപ നിരക്കിൽ ഗോതമ്പ് വാങ്ങി മധ്യപ്രദേശിലെ സർക്കാർ സംഭരണ കേന്ദ്രങ്ങളിൽ എം.എസ്.പി നിരക്കായ 2,600 രൂപയ്ക്ക് വിൽക്കുകയായിരുന്നു.

രജിസ്ട്രേഷൻ സമയത്ത് അപാകതകൾ ഉണ്ടായിരുന്നിട്ടും തഹസിൽ തലത്തിൽ നിന്ന് അന്വേഷണം ഉണ്ടായില്ല. പങ്കാളിത്ത കരാറുകളോ, യഥാർഥ ഭൂവുടമകളുടെ രേഖാമൂലമുള്ള സമ്മതപത്രങ്ങളോ, കൃഷി ചെയ്യാൻ നിയമപരമായ അവകാശമുണ്ടെന്ന് തെളിയിക്കുന്ന രേഖകളോ ഇല്ലാതിരുന്നിട്ടും രജിസ്ട്രേഷൻ നടന്നത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. പിടിക്കെപ്പെടാതിരിക്കാന്‍ ദൂരെയുള്ള കേന്ദ്രങ്ങളിൽ വച്ചാണ് വിൽപന നടത്തിയത്. ഇത്തരത്തിൽ ഇതുവരെ 18,000 ക്വിന്റലിലധികം ഗോതമ്പ് വിറ്റഴിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൊറേനയിൽ മാത്രം 15 പട്‌വാരിമാരെ സസ്‌പെൻഡ് ചെയ്തു. ജൗറ, ബൻമോർ തഹസീൽദാർമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഭിന്ദിൽ നാല് വ്യാജ കർഷകർ ചമഞ്ഞ നാല് പേർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

ഭൂമി രേഖകളിലെ ക്രമക്കേടുകളെക്കുറിച്ച് കലക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു. അതേ സമയം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഭരണകേന്ദ്രങ്ങളെ ലക്ഷ‍്യം വച്ചുള്ള സംഘടിത സാമ്പത്തിക കുറ്റകൃത്യമാണെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. വെരിഫിക്കേഷൻ പ്രക്രിയയിൽ വകുപ്പുദ്യോഗസ്ഥർക്കും സഹകരണ സംഘം ജീവനക്കാർക്കും പങ്കുണ്ടോ എന്ന അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർ. അന്വേഷണം വ്യാപിപ്പിച്ചതോടെ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് സൂചന.

Tags:    
News Summary - Wheat procurement scam in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.