ഓട്ടത്തിനിടെ വെള്ളം നൽകി, സഹതാരങ്ങളെ പ്രോത്സാഹിപ്പിച്ചു; ലഹരിവിരുദ്ധ മാരത്തണിൽ താരമായി ‘ജനനായകൻ’

ചെന്നൈ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ ലഹരിക്കെതിരായ പോരാട്ടത്തിന് പുതിയ മാനം നൽകി തമിഴ്നാട് മുഖ്യമന്ത്രി വിജയ്. ചെന്നൈയിൽ സംഘടിപ്പിച്ച ‘സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്‌സ്’ മാരത്തണിൽ ഫ്ലാഗ് ഓഫ് കർമത്തിന് ശേഷം ഓട്ടത്തിൽ പങ്കെടുത്ത് അദ്ദേഹം ശ്രദ്ധേയനായി. 53ാം വയസ്സിലും തളരാത്ത ആരോഗ്യവും അച്ചടക്കവും പ്രകടമാക്കിയ മുഖ്യമന്ത്രി, ആറു കിലോമീറ്റർ ദൂരമാണ് മാരത്തൺ വേദികളിലൂടെ ഓടിത്തീർത്തത്.

ലഹരിമുക്ത തമിഴ്നാട് എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ച മാരത്തണിൽ ആയിരക്കണക്കിന് യുവാക്കളും സന്നദ്ധപ്രവർത്തകരും മന്ത്രിമാരും ഉദ്യോഗസ്ഥരുമടക്കം വൻ ജനാവലിയാണ് പങ്കെടുത്തത്. ഓട്ടത്തിന് മുന്നോടിയായി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത മുഖ്യമന്ത്രി, തുടർന്ന് സദസ്സിനെ സാക്ഷിയാക്കി കിലോമീറ്ററുകളോളം ഓട്ടം തുടരുകയായിരുന്നു.

കറുത്ത ടീഷർട്ടും ട്രാക്ക് പാന്റും കൂളിങ് ഗ്ലാസും ധരിച്ചെത്തിയ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസത്തോടെയുള്ള ഓട്ടം കാണികൾക്ക് വലിയ ആവേശമാണ് പകർന്നത്. മാരത്തണിനിടെ സഹപ്രവർത്തകരെയും മറ്റ് മത്സരാർഥികളെയും അദ്ദേഹം നിരന്തരം പ്രോത്സാഹിപ്പിച്ചു. ഓട്ടത്തിനിടയിൽ തളർച്ച അനുഭവപ്പെട്ട മറ്റൊരു മത്സരാർഥിക്ക് വെള്ളം നൽകി സഹായിക്കാനും മുഖ്യമന്ത്രി മറന്നില്ല.

തന്റെ കർശനമായ ഫിറ്റ്‌നസ് ചിട്ടവട്ടങ്ങളും അച്ചടക്കവുമാണ് ഇത്രയും ദൂരം അനായാസം ഓടിത്തീർക്കാൻ തന്നെ സഹായിച്ചതെന്ന് മുഖ്യമന്ത്രിയുടെ പ്രവൃത്തികൾ തെളിയിക്കുന്നു. ജനനായകൻ എന്നറിയപ്പെടുന്ന വിജയ്, ലഹരിക്കെതിരായ ബോധവത്കരണ പരിപാടിയിൽ വെറുമൊരു അതിഥിയായല്ല, മറിച്ച് നേരിട്ട് മുന്നിട്ടിറങ്ങിയാണ് പങ്കാളിയായത്. മുഖ്യമന്ത്രിയുടെ ഈ നേതൃമാതൃക സോഷ്യൽ മീഡിയയിലും വലിയ ചർച്ചയാവുകയാണ്.

Tags:    
News Summary - Tamil Nadu CM Vijay runs 6 km in anti-drug marathon, helps fellow runner with water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.