രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകളെ പരിഹസിച്ച് സിനിമാ ശൈലിയിലെ പോസ്റ്ററുമായി ബി.ജെ.പി; ‘ആഗോള നേതാവെന്ന്’ കോൺഗ്രസിന്റെ മറുപടി

ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനങ്ങളെ പരിഹസിച്ച് ബി.ജെ.പി. സാമൂഹ്യമാധ്യമങ്ങളിൽ ‘ലാപതാ രാഹുൽ’ (കാണാതായ രാഹുൽ), ‘ഛഡ് ദേ ഇന്ത്യ’ തുടങ്ങി സിനിമാ ശൈലിയിലുള്ള പോസ്റ്ററുകൾ പങ്കുവെച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ പരിഹാസം.

‘രാഹുൽ എവിടെയാണ്?’ എന്നും അദ്ദേഹത്തിന്റെ വിദേശ യാത്രകൾക്ക് പണം നൽകുന്നത് ആരാണെന്നും ബി.ജെ.പി ചോദിച്ചു. ബി.ജെ.പിയുടെ പരിഹാസത്തിന് മറുപടിയായി രാഹുൽ ഗാന്ധി ആഗോള നേതാവാണെന്നും വിദേശത്തുള്ള നിരവധി രാജ്യങ്ങളും സ്ഥാപനങ്ങളും അദ്ദേഹത്തെ ക്ഷണിക്കാറുണ്ടെന്നും​ കോൺഗ്രസ് വ്യക്തമാക്കി.

‘ഛഡ് ദേ ഇന്ത്യ’, ‘ലാപതാ രാഹുൽ’, ‘ഗോ രാഹുൽ ഗോൺ’, ‘ടൂറിസ്റ്റ് സിന്ദാ ഹൈ’, ‘പർദേശ്’ എന്നീ സിനിമാ ശൈലിയിലുള്ള പോസ്റ്ററുകളാണ് ബി.ജെ.പി വിവിധ സംസ്ഥാന ഘടകങ്ങളിലെ നേതാക്കൾ പ്രചരിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ പദവി ‘പ്രതിപക്ഷ നേതാവ്’ എന്നതിന് പകരം ‘ലീഡർ ഓഫ് ടൂറിസം’ ആക്കണമെന്ന പരിഹാസവും ബി.ജെ.പി നേതാക്കൾ ഉന്നയിച്ചു. ‘രാഹുൽ എവിടെയാണ്​​? തായ്‍ലന്റിൽ അവധിക്കാലം ആ​സ്വദിക്കുക​യാണോ? അതോ ഇന്ത്യക്കെതിരെ പുതിയ പ്രചാരണ പരിപാടി ആസൂത്രണം ചെയ്യുന്ന രഹസ്യ യാത്രയിലാണോ?’ -ബി.ജെ.പി ഗോവ ഘടകം പരിഹസിച്ചു. രാഹുൽ ഗാന്ധിക്ക് വിദേശ യാത്രകൾക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് ബി.ജെ.പി വക്താവ് ആർ.പി. സിങ് ചോദിച്ചു.

ഇതിന് മറുപടിയായി മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് രംഗത്തെത്തി. രാഹുൽ ഗാന്ധി ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന നേതാവാണെന്നും നിരവധി രാജ്യങ്ങളും സർവകലാശാലകളും അന്താരാഷ്ട്ര സ്ഥാപനങ്ങളും അദ്ദേഹത്തെ പ്രഭാഷണങ്ങൾക്കും സംവാദങ്ങൾക്കുമായി ക്ഷണിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് അദ്ദേഹം വിദേശ സന്ദർശനങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ വിദേശ യാത്രകൾ നടത്തരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ യാത്ര നടത്തിയതെന്ന് കോൺഗ്രസ് എം.പി മനോജ് കുമാർ പറഞ്ഞു. 

Tags:    
News Summary - BJP's Laapata Rahul Poster Attack Congress Says He Gets Many Invites

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.