ലഖ്നോ: രാമക്ഷേത്ര നിർമ്മാണത്തിനായി ലഭിച്ച സംഭാവനയിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് പ്രതിപക്ഷം ഉന്നയിക്കുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റിപ്പോർട്ട് സമർപ്പിച്ചയുടൻ തന്നെ നടപടികൾ ആരംഭിച്ചിരുന്നുവെന്ന് യോഗി വ്യക്തമാക്കി. ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തതായും ആദിത്യനാഥ് അറിയിച്ചു. അയോധ്യയെയോ രാമഭക്തരെയോ ലക്ഷ്യം വെക്കാൻ ഈ വിഷയം ഉപയോഗിക്കരുതെന്നും യോഗി മുന്നറിയിപ്പ് നൽകി.
"അയോധ്യക്ക് നേരെ വക്രദൃഷ്ടി പതിപ്പിക്കരുത്. രാമഭക്തരെ പരീക്ഷിക്കരുത്. തെളിവുകളുണ്ടെങ്കിൽ അത് എസ്.ഐ.ടിക്ക് മുന്നിൽ ഹാജരാക്കൂ," പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമാക്കി അദ്ദേഹം പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. രാമക്ഷേത്രത്തിൽ സ്വീകരിക്കുന്ന സംഭാവനകളിൽ ക്രമക്കേട് നടന്നുവെന്ന ആരോപണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. ക്ഷേത്ര ഫണ്ട് കൈകാര്യം ചെയ്യുന്നതിനെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്യുകയും യോഗി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.
പൊതുജനങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ദെവരിയയിൽ പൊതുയോഗത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
"എസ്.ഐ.ടി റിപ്പോർട്ട് വന്ന ഉടൻ നടപടികൾ ആരംഭിച്ചു. സത്യവും അസത്യവും തമ്മിൽ ഞങ്ങൾ വേർതിരിക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിരുന്നു, അത് പാലിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു," അദ്ദേഹം പറഞ്ഞു.
ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സർക്കാർ ഈ വിഷയത്തെ ഗൗരവമായി കാണുന്നുവെന്ന് ആദിത്യനാഥ് പറഞ്ഞു. തെറ്റിന് ഉത്തരവാദികളായ ആരെയും സംരക്ഷിക്കില്ല. "പൊതുജനവികാരം ഉപയോഗിച്ച് കളിക്കുന്നത് അംഗീകരിക്കാനാവില്ല. സനാതൻ ധർമത്തിന്റെ വിശ്വാസത്തെ തകർക്കുന്നവർ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും. ആർക്കും ഒരു ഇളവും നൽകാനാവില്ല," അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് എട്ട് പേരാണ് ഇതുവരെ അറസ്റ്റിലായത്. വിവാദത്തിൽ അയോധ്യ രാമ ക്ഷേത്ര ട്രസ്റ്റ് മേധാവി ചമ്പത് റായ് രാജിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.