ഹൈദരാബാദ്: സ്വന്തം ഭൂമി സംരക്ഷിക്കാൻ ജീവൻ നൽകാനും തയ്യാറായി മുസ്‍ലിം വിഭാഗത്തിൽനിന്നുള്ള കർഷകർ. ഹൈദരാബാദ് പുലാസ ഗ്രാമത്തിൽ തങ്ങളുടെ അധീനതയിലുള്ള കൃഷിഭൂമിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ജെ.സി.ബി ഉപയോഗിച്ച് ഭൂമി നിരപ്പാക്കാൻ ശ്രമിച്ചത് വൻ പ്രതിഷേധത്തിന് വഴിവെച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ വെള്ളിയാഴ്ച പുറത്തുവന്നതോടെയാണ് വിഷയം പുറംലോകമറിയുന്നത്.
തങ്ങളുടെ കൈവശമുള്ള ഭൂമിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ തൈകൾ നടാൻ എത്തിയതായിരുന്നു. 2019ന് മുമ്പ് തങ്ങൾക്ക് ലഭിച്ചതെന്ന് കർഷകർ അവകാശപ്പെടുന്ന ഭൂമിയുടെ പട്ടയ രേഖകളും ഇവർ ഹാജരാക്കി. തലമുറകളായി കൃഷി ചെയ്തുപോരുന്ന ഈ ഭൂമി തങ്ങളുടെ ഏക ഉപജീവനമാർഗ്ഗമാണെന്നും, ഇത് നഷ്ടപ്പെട്ടാൽ തങ്ങൾ പട്ടിണിയിലാകുമെന്നും കർഷകർ കണ്ണീരോടെ പറയുന്നു.
‘കഴിഞ്ഞ അമ്പത് വർഷമായി ഞങ്ങൾ കൃഷി ചെയ്യുന്ന ഭൂമിയാണിത്. ഞങ്ങളുടെയും മുൻതലമുറയുടെയും അധ്വാനമാണിത്. ഭൂമി സംരക്ഷിക്കാൻ ഞങ്ങൾ മരിക്കാനും തയ്യാറാണ്’പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർ വ്യക്തമാക്കി.
എന്നാൽ, ഈ ഭൂമി വനംവകുപ്പിന്റേതാണെന്നും അവിടെയുള്ള മരങ്ങൾ വനംവകുപ്പിന്റേതാണെന്നുമാണ് സംഭവസ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വാദം. ഭൂമിയുടെ ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ടെങ്കിൽ നിയമനടപടികൾ സ്വീകരിക്കാമെന്നും ഉദ്യോഗസ്ഥർ കർഷകരോട് പറഞ്ഞു.
വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ ജൈനൂർ മണ്ഡലത്തിലെ റവന്യൂ ഓഫീസർ എ. ഭീർഷ തയ്യാറായില്ല. ഗ്രാമത്തിലെ ഭൂമി സംബന്ധമായ തർക്കത്തെക്കുറിച്ച് അറിയില്ലെന്നും, വനംവകുപ്പിന്റെ ഭൂമിയായതുകൊണ്ടാകാം അവർ നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ രേഖകൾ പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേസമയം, കുറാം ഭീം ആസിഫാബാദ് ഡിസ്ട്രിക്റ്റ് ഫോറസ്റ്റ് ഓഫിസർ ചന്ദ്ര ബാലാമണിയെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും അവരുടെ ഭാഗത്തുനിന്ന് മറുപടിയുണ്ടായില്ലെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.