രാഹുൽ ഗാന്ധി
ന്യൂഡൽഹി: ലോക്‌സഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവായി ചുമതലയേറ്റിട്ട് രണ്ട് വർഷം പൂർത്തിയാകുന്ന വേളയിൽ, ജനങ്ങൾക്കായുള്ള പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ രണ്ട് വർഷത്തെ പാർലമെന്റ് പ്രസംഗങ്ങളും, രാജ്യത്തുടനീളം നടത്തിയ 297 ഫീൽഡ് സന്ദർശനങ്ങളും അടക്കമുള്ള ഒരു വിഡിയോയും പ്രത്യേക വാർത്താക്കുറിപ്പും അദ്ദേഹം എക്സിൽ പങ്കുവെച്ചിട്ടുണ്ട്.
'ഈ രണ്ട് വർഷത്തിലെ ഓരോ ദിവസവും ഒരൊറ്റ ലക്ഷ്യത്തിന് വേണ്ടിയാണ് നീക്കിവെച്ചത്; ഓരോ ഇന്ത്യക്കാരന്റെയും ശബ്ദം അധികാരത്തിന്റെ ഇടനാഴികളിൽ എത്തിക്കുക എന്നത്. നീറ്റ് പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാകട്ടെ, തെരഞ്ഞെടുപ്പ് അട്ടിമറികൾ തുറന്നുകാട്ടുന്നതിലാകട്ടെ, ഭരണഘടനയെ സംരക്ഷിക്കുന്നതിലാകട്ടെ; ഞാൻ എല്ലാ മുന്നണിയിലും നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. ഇന്നും നിൽക്കുന്നു, എപ്പോഴും നിൽക്കുകയും ചെയ്യും." - രാഹുൽ ഗാന്ധി കുറിച്ചു.
2024 ജൂണിലാണ് പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' മുന്നണിയുടെ ഐകകണ്ഠ്യേനയുള്ള തീരുമാനപ്രകാരം രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്നത്. 2004ൽ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശേഷം രാഹുൽ ഗാന്ധി വഹിക്കുന്ന ആദ്യത്തെ ഭരണഘടനാപരമായ പാർലമെന്ററി പദവിയാണിത്.
കഴിഞ്ഞ രണ്ട് വർഷത്തിലെ ഓരോ ദിവസവും സാധാരണക്കാരായ ഇന്ത്യൻ ജനതയുടെ ആശങ്കകളും ആവശ്യങ്ങളും ഭരണകൂടത്തിന്റെ ഇടനാഴികളിൽ എത്തിക്കാനാണ് താൻ വിനിയോഗിച്ചതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. നീറ്റ് പരീക്ഷാ വിവാദത്തിൽ വലഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി നിലകൊണ്ടതും, വോട്ട് അട്ടിമറികൾക്കെതിരെ ശബ്ദമുയർത്തിയതും, ഭരണഘടനയെ സംരക്ഷിക്കാൻ പോരാടിയതുമെല്ലാം ഇതിന്റെ ഭാഗമാണ്. വരും വർഷങ്ങളിലും ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം മുറുകെപ്പിടിച്ച്, പിന്നാക്ക-ദലിത് വിഭാഗങ്ങൾക്കും കർഷകർക്കും തൊഴിലാളികൾക്കുമൊപ്പം ഉറച്ചുനിൽക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജസ്ഥാനിലെ കോട്ടയിൽ നിന്നും രാജ്യത്തെ വിദ്യാഭ്യാസ പ്രതിസന്ധികളെ മുൻനിർത്തി വിദ്യാർഥികൾക്കായി തുടങ്ങിയ കാമ്പയിനെക്കുറിച്ചും രാഹുൽ ഗാന്ധി വാർത്താക്കുറിപ്പിൽ എടുത്തുപറഞ്ഞു. സാധാരണക്കാരായ മാതാപിതാക്കൾ നീറ്റ് കോച്ചിങ്ങിനായി മാത്രം ഏകദേശം 1.3 ലക്ഷം കോടി രൂപയാണ് ചിലവഴിക്കുന്നത്. ഇത് കേന്ദ്ര സർക്കാരിന്റെ ആകെ വിദ്യാഭ്യാസ ബജറ്റിന് തുല്യമാണെന്നും, രാജ്യത്തെ യുവാക്കളുടെ ഭാവി കടുത്ത സമ്മർദത്തിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമേരിക്കയുമായുള്ള വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഊർജ ഭദ്രതയെയും കർഷക താത്പര്യങ്ങളെയും അപകടത്തിലാക്കിയെന്ന് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിച്ച കാര്യങ്ങൾ ന്യൂസ്‌ലെറ്ററിൽ ഓർമിപ്പിച്ചു. രാജ്യം വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴും അതിനെ നേരിടാൻ സർക്കാർ തയാറെടുത്തിട്ടില്ലെന്നും സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് പകരം പബ്ലിസിറ്റിക്ക് മാത്രമാണ് പ്രധാനമന്ത്രി പ്രാധാന്യം നൽകുന്നതെന്നും രാഹുൽ വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.