വോട്ടുയന്ത്രം തകർത്ത എം.എൽ.എക്കെതിരെ ജൂൺ 5 വരെ നടപടിയെടുക്കരുതെന്ന് ഹൈകോടതി

അമരാവതി: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തല്ലിത്തകർത്ത വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എ പിന്നെല്ലി രാമകൃഷ്ണ റെഡ്ഡിക്കെതിരെ ജൂൺ 5 വരെ നടപടിയെടുക്കരുതെന്ന് ഹൈകോടതി. എം.എൽ.എയെ ഉടൻ അറസ്റ്റ് ചെയ്യാൻ തെരഞ്ഞെടുപ്പ് കമിഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. എട്ട് പൊലീസ് സംഘങ്ങൾ രണ്ട് ദിവസമായി ഇയാൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്. ഇതിനിടെയാണ് ഒളിവിൽ കഴിയുന്ന എം.എൽ.എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അറസ്റ്റ് വിലക്കി ആന്ധ്രാപ്രദേശ് ഹൈകോടതിയുടെ ഉത്തരവ്.

പൾനാട് ജില്ലയിലെ മച്ചേർല മണ്ഡലം എം.എൽ.എയാണ് പിന്നെല്ലി രാമകൃഷ്ണ റെഡ്ഡി. ജൂൺ അഞ്ച് വരെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയ കോടതി, അടുത്ത വാദം കേൾക്കൽ ജൂൺ ആറിലേക്ക് മാറ്റി.

മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാന നിയമസഭയിലേക്കും ലോക്‌സഭയിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ മച്ചേർല മണ്ഡലത്തിലെ പൽവായ് ഗേറ്റ് പോളിങ് ബൂത്തിൽ എത്തിയ റെഡ്ഡി വോട്ടുയന്ത്രം നിലത്തിട്ട് തകർക്കുകയായിരുന്നു. ഇതി​ന്റെ വിഡിയോ വൈറലായിരുന്നു.

എന്നാൽ, മേയ് 13ന് നടന്ന സംഭവത്തിൽ മേയ് 15 നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ മോർഫ് ചെയ്തതായിരിക്കാമെന്നും രാമകൃഷ്ണ റെഡ്ഡിയുടെ അഭിഭാഷകൻ നിരഞ്ജൻ റെഡ്ഡി വാദിച്ചു. യന്ത്രം തകർത്ത കേസിൽ ആദ്യം അജ്ഞാതർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെങ്കിലും വിഡിയോ പ്രചരിച്ചതോടെ എം.എൽ.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കുകയായിരുന്നു.

സംഭവത്തിൽ പൽവായ് ഗേറ്റ് പോളിങ് ബൂത്തിലെ പോളിങ് ഓഫിസറെയും അസി. പോളിങ് ഓഫിസറെയും സസ്‌പെൻഡ് ചെയ്യാൻ കഴിഞ്ഞ ദിവസം ചീഫ് ഇലക്ടറൽ ഓഫിസർ എം.കെ. മീണ ഉത്തരവിട്ടിരുന്നു. യഥാസമയം വിവരം മേല​ുദ്യോഗസ്ഥരെ അറിയിക്കുന്നതിൽ ഇരു ഉദ്യോഗസ്ഥരും വീഴ​്ചവരുത്തിയതായി ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

എം.എൽ.എക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 143, 147, 448, 427, 353, 452, 120 (ബി) വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കുന്നതാണ് കുറ്റം.

Tags:    
News Summary - EVM smashing case: HC asks police not to take action against MLA till June 5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.