വഖഫിൽ പാർലമെന്റ് സാക്ഷ്യം വഹിച്ചത് അപൂർവ പ്രതിപക്ഷ ഐക്യത്തിന്; ഭിന്നിപ്പിനിടയിലും ഒറ്റക്കെട്ടായി എം.പിമാർ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനെ തുടർന്ന് ഇൻഡ്യ സഖ്യത്തിനിടയിലുണ്ടായ അസ്വാരസ്യങ്ങൾക്കിടയിൽ വഖഫ് വിഷയത്തിൽ ​ഒറ്റക്കെട്ടായി ജെ.പി.സി ചെയർമാനെയും സർക്കാറിനെയും നാണം കെടുത്തിയത് പ്രതിപക്ഷത്തിന് ഉണർവേകി. ഡൽഹിയിൽ തമ്മിലടിച്ച ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ പാർലമെന്റിൽ ഒരുമിച്ച് നിന്ന് ബി.ജെ.പി അജണ്ടയെ നേരിടുന്നതിനാണ് പാർലമെന്റ് കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.

അതോടെ വഖഫ് ജെ.പി.സി റിപ്പോർട്ടിലെ വിയോജനക്കുറിപ്പുകൾക്ക് കത്രിക വെച്ചതിനെതിരെ പാർലമെന്റിൽ ഇൻഡ്യ കക്ഷികൾ നടത്തിയ പ്രതി​േഷധത്തിലും ഇറങ്ങിപ്പോക്കിലും സഖ്യത്തിന്റെ ഭാഗമല്ലാത്ത ഒഡിഷയിലെ ബിജു ജനതാദളും ആന്ധ്രപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസും അടക്കം പ​​​ങ്കെടുത്തു. വഖഫിൽ സർക്കാർ നടത്തുന്ന കയ്യേറ്റം മുസ്‍ലിംകളുടെ മാത്രം പ്രശ്ന​മല്ലെന്നും സമീപ ഭാവിയിൽ എല്ലാ മത വിഭാഗങ്ങളുടെയും സ്വത്തുക്കൾക്ക് മേൽ പിടിമുറുക്കാനുള്ള കേന്ദ്ര പദ്ധതിയുടെ തുടക്കമാണെന്നുമുള്ള നിലക്ക് അവതരിപ്പിച്ച് പൊതുവിഷയമാക്കി മാറ്റുകയാണ് പ്രതിപക്ഷം ചെയ്തത്.

പാർട്ടിക്ക് അതീതമായി ഉയർന്നു നിന്ന് ഖാർഗെ

രാവി​ലെ 11മണിക്ക് രാജ്യസഭ ചേർന്നതിന് പിന്നാലെ വഖഫ് ജെ.പി.സി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കാൻ സമിതിയിലെ ബി.ജെ.പി അംഗത്തെ വിളിച്ചപ്പോൾ അതേ സമിതിയിലെ പ്രതിപക്ഷ അംഗങ്ങളായ ആം ആ്മി പാർട്ടി നേതാവ് സഞജയ് സിങ്ങും കോൺഗ്രസ് നേതാവ് സയ്യിദ് നാസിർ ഹുസൈനും ഡി.എം.കെയുടെ മുഹമ്മദ് അബ്ദുല്ലയും ഒരുമിച്ചെഴുന്നേറ്റ് നിന്നാണ് സമിതിയിലെ പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പുകൾക്ക് കത്രിക വെച്ചത് സഭയെ അറിയിച്ചത്. അതോടെ വഖഫ് ജെ.പി.സി റിപ്പോർട്ടിൽ എന്തു സംഭവിച്ചുവെന്ന കാര്യം സമിതി അംഗമായ സയ്യിദ് നാസിർ ഹുസൈനോട് സഭയിലിരുന്ന് ചോദിച്ച് മനസിലാക്കിയ ശേഷം ഖാർഗെ തന്നെ പോർമുഖം തുറക്കുന്നതാണ് രാജ്യസഭ കണ്ടത്. പ്രതിപക്ഷം ഒറ്റക്കെട്ടായതോടെ സഭ നിർത്തിവെക്കാൻ നിർബന്ധിതനായ ചെയർമാൻ ജഗ്ദീപ് ധൻഖർ വിയഷം രമ്യതയിലെത്തിക്കാൻ തന്റെ മുറിയിലേക്ക് പ്രതിപക്ഷ നേതാവ് ഖാർഗെയെ ക്ഷണിച്ചപ്പോൾ ഖാർഗെക്കൊപ്പം ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗും പോകണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടു.

ഭിന്നിച്ചു നിന്നവർക്ക് വഖഫിൽ ഒരേ സ്വരം

തുടർന്ന് ഖാർഗെക്കും സഞ്ജയ് സിങ്ങിനുമൊപ്പം സമാജ്‍വാദി പാർട്ടിയുടെ ​രാം ഗോപാൽ യാദവും ഡി.എം.കെയുടെ തിരുച്ചിശിവയും ചേർന്ന് നടത്തിയ സംഭാഷണത്തിലാണ് വിഷയമവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവസരം നൽകാമെന്ന് ധൻഖർ ധാരണയി​െലത്തിയത്. ഇതിനടിയിൽ തൃണമൂൽ എം.പിമാരെ മാത്രം സസ്​പെൻഡ് ചെയ്ത് പ്രതിപക്ഷത്ത് ഭിന്നതയാണെന്ന് വരുത്താൻ സർക്കാർ നടത്തിയ നീക്കവും ഖാർഗെ തടഞ്ഞു. എം.പിമാർ നടുത്തളത്തിലേക്കിറങ്ങിയത് അവരുടെ സ്വന്തം കാര്യത്തിനല്ലെന്നും അവരുടെ സമുദായത്തിന്റെ ആശങ്ക ​അറിയിക്കാനാണെന്നും പറഞ്ഞതോടെ ബി.ജെ.പി അധ്യക്ഷനും സഭാ നേതാവുമായ ജെ.പി നദ്ദ ആവശ്യപ്പെട്ട സസ്​പെൻഷൻ നിർദേശം ചെയർമാൻ ജഗ്ദീപ് ധൻഖറിന് തള്ളേണ്ടി വന്നു.

നടുത്തളത്തിലിറങ്ങി തിരികെ കയറാതിരുന്ന തൃണമൂൽ കോൺഗ്രസിന്റെ നദീമുൽ ഹഖിനെയും സമീറുൽ ഇസ്‍ലാമിനെയും സസ്​പെൻഡ് ചെയ്യാനുള്ള നീക്കം തടഞ്ഞതും മല്ലികാർജുൻ ഖാർഗെയുടെ ഇടപപെടലായിരുന്നു. മറ്റു പ്രതിപക്ഷ കക്ഷികളുമായി ആലോചിക്കാതെ തൃണമൂൽ കോൺഗ്രസ് സഭാ നേതാവ് ഡെറിക് ഒബ്റേൻ സ്വന്തം എം.പിമായെും കൂട്ടി ഇറങ്ങിപ്പോയ ശേഷം സഭയിലെത്തിയാണ് നദീമും സമീറും നടുത്തളത്തിലിറങ്ങിയത്.

പ്രതിപക്ഷം ഒറ്റക്കെട്ടായപ്പോൾ അങ്കലാപ്പിലായത് സർക്കാർ

രാജ്യസഭ രണ്ടാമതും ചേർന്നപ്പോൾ ബി.ജെ.പി നേതാവായ ജെ.പി.സി ചെയർമാൻ വിയോജനക്കുറിപ്പുകൾ അനുബന്ധമായി ചേർക്കാൻ പോലും തയാറാകാതെ സകല സീമകളും ലംഘിച്ചത് ഖാർഗെയും സഞ്ജയ് സിംഗും നസീർ ഹുസൈനും സാകേത് ഗോഖലെയും തെളിവ് നിരത്തി പ്രതിപക്ഷം സഭയിൽ ഒറ്റക്കെട്ടായതോടെ എങ്ങിനെ നേരിടണമെന്നറിയാതെ സർക്കാർ അങ്കലാപ്പിലായി. വിയോജനം നീക്കം ചെയ്തത് ചെയർമാന്റെ വിവേചനാധികാരമാണെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവും അത്തരമൊരു പ്രവൃത്തി ഉണ്ടായിട്ടില്ലേയില്ലെന്ന് കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും നിർമല സീതാരാമനും ഒരേ സമയം പരസ്പര വിരുദ്ധമായി വാദിച്ച് വിഷയം വഷളാക്കി.

രാജ്യസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ രാജ്യസഭയിൽ തുടക്കമിട്ട പ്രതിഷേധം പ്രതിപക്ഷത്തിനിടയിലുണ്ടാക്കിയ ഐക്യമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ലോക്സഭാ സ്പീക്കറെയും ലോക്സഭയിൽ റിപ്പോർട്ട് എത്തുന്നതിന് മുമ്പെ തിരുത്തൽ നടപടിക്ക് പ്രേരിപ്പിച്ചത്. അതിനകം രാജ്യസഭയിൽ വെച്ചുപോയ റിപ്പോർട്ടിൽ കൂട്ടിച്ചേർത്ത ഭാഗം വെക്കാൻ കൊറിജണ്ടം(തിരുത്തൽ രേഖ) കൂടി കൊണ്ടുവന്നതോടെ വഖഫ് ജെ.പി.സിയിലെ ഭരണഘടനാവിരുദ്ധ നടപടിയുടെ ചരിത്ര രേഖയായി അത് മാറി.

Tags:    
News Summary - Entire opposition united against Waqf (Amendment) Bill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.