ന്യൂഡല്‍ഹി: ഈ വര്‍ഷം ഏപ്രിലിൽ തന്നെ ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറ്റത്തിനു തയാറെടുത്ത് ലോക കോടീശ്വരനും സ്പേസ് എക്സ് സ്ഥാപകനുമായ ഇലോൺ മസ്കിന്റെ ടെസ്‍ല കാറുകള്‍. പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്‍ലയുടെ ദീർഘനാളത്തെ ലക്ഷ്യമാണ് ഇന്ത്യൻ മാർക്കറ്റ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ടെസ്‌ല ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ച് ധാരാളം വാർത്തകൾ പുറത്തുവന്നിരുന്നു.
ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന ഏപ്രിലില്‍ തുടങ്ങാനാണ് പദ്ധതി. ബെര്‍ലിന്‍ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് കാറുകള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനാണ് ടെസ്‍ല ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 21 ലക്ഷം രൂപ വിലയുള്ള കാറുകളാണ് ഇന്ത്യയിൽ വിൽപനക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. എന്നാൽ കാറുകളുടെ വില അതിലും ഏറെയാകുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
ഇന്ത്യയില്‍ വിൽപന ആരംഭിക്കുന്നതിന് ബി.കെ.സി (ബാന്ദ്ര കുര്‍ള കോംപ്ലക്സ്), എയ്റോസിറ്റി മുംബൈ എന്നിവയെയാണ് കമ്പനി ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തേ, ന്യൂഡല്‍ഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകള്‍ക്കായി കമ്പനി സ്ഥലങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റി ഏരിയയിലാണ് ഷോറൂമിനായി ടെസ്‍ല സ്ഥലം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.