ന്യൂഡൽഹി: അനാരോഗ്യം മൂലം സോണിയ ഗാന്ധി പടിയിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസ് അധ്യക്ഷ പദവിയിൽ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടപടികൾക്ക് ഞായറാഴ്ച തുടക്കം. സെപ്റ്റംബർ 20നകം പുതിയ പ്രസിഡന്റിനെ കണ്ടെത്തുമെന്ന് കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി അറിയിച്ചു.
േബ്ലാക്ക് സമിതികളിലേക്ക് കഴിഞ്ഞ ഏപ്രിൽ- മേയ് മാസങ്ങളിലും ജില്ല സമിതികളിൽ ജൂൺ- ജൂലൈ മാസങ്ങളിലും ആഗസ്റ്റ് 20നകം പി.സി.സി അധ്യക്ഷന്മാർ, എ.ഐ.സി.സി അംഗങ്ങൾ എന്നിവരെയും തെരഞ്ഞെടുക്കാനായിരുന്നു ധാരണ.
ഇതിന്റെ തുടർച്ചയായി ആഗസ്റ്റ് 21 മുതൽ സെപ്റ്റംബർ 20നകം എ.ഐ.സി.സി അധ്യക്ഷനെയും കണ്ടെത്തണം. പ്രാഥമിക ഘട്ടം പൂർത്തിയായെന്നും അധ്യക്ഷനെ കണ്ടെത്താനുള്ള എ.ഐ.സി.സി അംഗങ്ങളുടെ പട്ടിക തയാറാക്കി വരികയാണെന്നും പാർട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു.
ആരോഗ്യപ്രശ്നങ്ങൾ മൂലം ഇനി തുടരാനില്ലെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി കഴിഞ്ഞതായാണ് റിപ്പോർട്ട്.
ഒരിക്കൽ ഒഴിഞ്ഞ പദവിയിൽ ഇനി എത്തില്ലെന്ന് രാഹുൽ ഗാന്ധിയും അറിയിച്ചിട്ടുണ്ട്. എങ്കിൽ പിന്നെ ആരാകുമെന്നതാണ് ചോദ്യം. രാഹുലിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. നേതാക്കളിൽ ഭൂരിപക്ഷവും രാഹുലിനെ വീണ്ടും തെരഞ്ഞെടുക്കണമെന്ന പക്ഷക്കാരാണ്. നിർണായക സമയത്ത് മുതിർന്ന നേതാവ് ആനന്ദ് ശർമ രാജിവെച്ചത് പാർട്ടിക്ക് തലവേദനയാകും. മുൻ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ഭൂപീന്ദർ സിങ് ഹൂഡ, മനീഷ് തിവാരി തുടങ്ങിയ മറ്റു നേതാക്കളടങ്ങുന്ന ജി-23 വിഭാഗം പാർട്ടിയിലെ തെരഞ്ഞെടുപ്പ് സുതാര്യമാക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.