ഭീകരാക്രമണത്തിന് പദ്ധതിയിട്ടു; എട്ട് ഭീകരർ പിടിയിൽ

ന്യൂ ഡൽഹി: ഇന്ത്യയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട എട്ട് ഭീകരർ പിടിയിൽ. പാക് ഭീകര സംഘടനയായ ഐ.എസ്.ഐയുടെയും ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകര സംഘടനകളുടെയും പിന്തുണയോടെയാണ് ഇവർ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്ന് അധികൃതർ പറഞ്ഞു. തമിഴ്നാട്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ നിന്നാണ് ഭീകരരെ പിടികൂടിയത്.

പ്രതികളായ മിസാനുര്‍ റഹ്മാന്‍, മുഹമ്മദ് ഷബാത്ത്, ഉമര്‍, മുഹമ്മദ് ലിട്ടന്‍, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജല്‍ എന്നിവർ തമിഴ്നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളില്‍ നിന്നാണ് അറസ്റ്റിലായത്. മറ്റ് രണ്ട് പേരെ പശ്ചിമ ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവരിൽ ഒരാള്‍ ബംഗ്ലാദേശ് പൗരനാണ്.

വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് ഇവർ ഇന്ത്യയിൽ താമസിച്ചിരുന്നത്. പ്രതികളില്‍ നിന്ന് എട്ട് മൊബൈല്‍ ഫോണുകളും 16 സിം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റിലായവരെ ഡല്‍ഹി പൊലീസിന് കൈമാറി. വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഡല്‍ഹിയിലെ ചെങ്കോട്ട, ചാന്ദ്നി ചൗക്കിലെ ക്ഷേത്രം എന്നിവ ഉള്‍പ്പെടെ രാജ്യത്തെ മറ്റ് പ്രമുഖ മതസ്ഥലങ്ങളിലും സ്‌ഫോടനം നടത്താന്‍ പാകിസ്താനിലെ ലഷ്‌കര്‍-ഇ-തൊയ്ബ പദ്ധതിയിടുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ഫെബ്രുവരി 6 ന് പാക് തലസ്ഥാനമായ ഇസ്ലാമാബാദിലെ പള്ളിയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 160 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പ്രതികാരമായി ആക്രമണം നടത്താനായിരുന്നു പദ്ധതി. വിദൂര നിയന്ത്രിത സ്ഫോടക വസ്തു ഉപയോഗിച്ചുള്ള (ഐ.ഇ.ഡി) സ്‌ഫോടനങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    
News Summary - Eight Arrested For Plotting Attack In India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.