സതീഷ് കൃഷ്ണ സെയിൽ എംഎൽഎ

കോൺഗ്രസ് എം.എൽ.എയുടെ 64 കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

മംഗളൂരു: ഉത്തര കന്നട ജില്ലയിലെ കാർവാർ മണ്ഡലം കോൺഗ്രസ് എം.എൽ.എ സതീഷ് കൃഷ്ണ സെയ്‌ലി(59)ന്റെ 64 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രഖ്യാപിച്ചു. ഇരുമ്പയിര് കയറ്റുമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.

ഗോവ ആസ്ഥാനമായുള്ള ശ്രീ മല്ലികാർജുൻ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ് (എസ്എംഎസ്പിഎൽ) എന്ന കമ്പനിയിലൂടെ സെയിലിന്റെ കൈവശമുള്ള ആസ്തികൾ ഉൾപ്പെടുത്തി കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ) പ്രകാരമുള്ള ഒരു താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു. സെയ്‍ലിനെ സെപ്റ്റംബറിൽ ഫെഡറൽ ഏജൻസി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ പരിഗണിച്ച് അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു.

ഗോവയിലെ മോർമുഗാവോയിലെ ചിക്കാലിം വില്ലേജിലെ 12,500 ചതുരശ്ര മീറ്റർ ഭൂമി, സൗത്ത് ഗോവയിലെ മോർമുഗാവോ താലൂക്കിലെ “പെഡ്രോ ഗാലെ കോട്ട” എന്നറിയപ്പെടുന്ന 16,850 ചതുരശ്ര മീറ്റർ കാർഷിക സ്വത്ത്, ഗോവയിലെ വാസ്കോഡ ഗാമയിലെ വാണിജ്യ കെട്ടിടം എന്നിവ കണ്ടുകെട്ടിയ സ്വത്തുക്കളിൽ ഉൾപ്പെടുന്നു. നിലവിൽ ഇതിന് ഏകദേശം 64 കോടി രൂപ വിപണി മൂല്യമുണ്ട്.

സെയിലുമായി ബന്ധമുള്ള ഒരു കമ്പനി നിയമവിരുദ്ധമായി ഇരുമ്പയിര് കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ടതാണ് കേസ്. 2010-ൽ കർണാടക ലോകായുക്ത കേസ് അന്വേഷിച്ചപ്പോൾ, ബെല്ലാരിയിൽ നിന്ന് ബെലെക്കേരി തുറമുഖത്തേക്ക് ഏകദേശം എട്ട് ലക്ഷം ടൺ നിയമവിരുദ്ധമായി കടത്തിയ ഇരുമ്പയിര് കണ്ടെത്തിയതായി ഇഡി പറഞ്ഞു.

ആഗസ്റ്റ് 13-14 തീയതികളിൽ കാർവാർ, ഗോവ, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ഏജൻസി റെയ്ഡ് നടത്തി. എസ്എംഎസ്പിഎല്ലിന്റെ എംഡി എന്ന നിലയിൽ സെയിൽ, വിവിധ വിതരണക്കാരിൽ നിന്ന് ഏകദേശം 1.54 ലക്ഷം മെട്രിക് ടൺ തൂക്കം വരുന്ന ഇരുമ്പയിര് വാങ്ങിയതായി ഇ.ഡി പറയുന്നു. സതീഷ് കൃഷ്ണ സെയിൽ, തുറമുഖ കൺസർവേറ്ററുമായി ചേർന്ന് നിയമവിരുദ്ധമായി സംഭരിച്ച ഇരുമ്പയിര് എംവി കൊളംബിയ, എംവി മന്ദാരിൻ ഹാർവെസ്റ്റ് തുടങ്ങിയ കപ്പലുകൾ വഴി ചൈനയിലേക്ക് കയറ്റുമതി ചെയ്തതായും ഹോങ്കോങ്ങിൽ മറ്റൊരു കമ്പനി തുറന്നുവെന്നും ഇഡി പറയുന്നു.

Tags:    
News Summary - ED attaches Rs 64-crore assets of Congress MLA Satish Sail in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.