ഭുവനേശ്വർ: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ 261 കോച്ചുകൾ നിരീക്ഷണ വാർഡുകളാക്കി ഈസ്റ്റ് കോസ്റ്റ് റെയിൽവെ. സ്ലീപർ, ജനറൽ കോച്ചുകളാണ് കോവിഡ് നിരീക്ഷണത്തിനും ക്വാറൻറീൻ സൗകര്യത്തിനുമായി വാർഡുകളാക്കിയത്. 5000 കോച്ചുകളാണ് നിരീക്ഷണ വാർഡുകളാക്കാൻ ഇന്ത്യൻ റെയിൽവെ തീരുമാനിച്ചത്.
വാർഡുകളാക്കി മാറ്റിയ കോച്ചുകൾ ഈസ് റ്റ് കോസ്റ്റ് റെയിൽവെയുടെ വിവിധ സ്റ്റേഷനുകളിലായാണുള്ളത്. മഞ്ചേശ്വർ വർക്ഷോപ് 51 കോച്ചുകളാണ് വാർഡുകളാക്കി മാറ്റിയത്. പുരി കോച്ചിങ് ഡിപ്പോ 39 കോച്ചുകളും ഭുവനേശ്വർ കോച്ചിങ് ഡിപ്പോ46 കോച്ചുകളും സമ്പൽപൂർ ഡിപ്പോ 32 കോച്ചുകളും വാർഡുകളാക്കി. വിശാഖപട്ടണം ഡിപ്പോ 60 കോച്ചുകളും ഖുർദ റോഡ് സ്റ്റേഷൻ 33 കോച്ചുകളും നിരീക്ഷണത്തിനും ക്വാറൻറീനിനുമായി വാർഡുകളാക്കി മാറ്റിയിട്ടുണ്ട്.
മൂന്ന് ശൗചാലയങ്ങളും ഒരു കുളിമുറിയും ഓരോ കോച്ചുകളിലും സജ്ജീകരിച്ചിട്ടുണ്ട്. മധ്യഭാഗത്തുള്ള ബെർത്ത് ഒഴിവാക്കിയാണ് വാർഡ് ഒരുക്കിയത്. കിടക്ക,തലയിണ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ലാപ്ടോപ്പും മൊബൈലും ചാർജ്ജ് ചെയ്യാനുള്ള സൗകര്യം, ജനാലയിൽ കൊതുക് വല, ബക്കറ്റ്, പാത്രങ്ങൾ, സോപ്പുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനായി ഒാക്സിജൻ സിലിണ്ടറുകളും തയാറാക്കിയിട്ടുണ്ട്.
ഓരോ കോച്ചുകളുടെയും ആദ്യ കാബിനുകൾ മെഡിക്കൽ ഉപകരണങ്ങൾ സൂക്ഷിച്ചുവെക്കുന്നതിനും മറ്റ് കാബിനുകൾ രോഗികൾക്കുള്ളതുമാണ്. വാർഡുകളൊരുക്കിയ ട്രെയിൻ ആവശ്യമെങ്കിൽ ഏത് ഭാഗത്തേക്കും കൊണ്ടുപോകാമെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവെയിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശക്യ ആചാര്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.