ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ ഐ.ടി വിഭാഗം മേധാവിയും രാഷ്ട്രീയ ഉപദേശക ഏജൻസിയായ ‘ഐ- പാക്കി’ന്റെ തലവനുമായ പ്രതീക് ജയിനിന്റെ വീട്ടിലും ഓഫിസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നൽ റെയ്ഡ് നടത്തി. ഇതെത്തുടർന്ന് നാടകീയ സംഭവങ്ങൾ അരങ്ങേറി.
പ്രതീക് ജെയിനിന്റെ വസതിയിലേക്ക് മുഖ്യമന്ത്രി മമത ബാനർജി കുതിച്ചെത്തി. നടപടിയോട് രൂക്ഷമായി പ്രതികരിച്ച അവർ, ഇ.ഡി റെയ്ഡിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പങ്കിനെ ചോദ്യം ചെയ്തു. അന്വേഷണത്തിന്റെ മറവിൽ തന്റെ പാർട്ടിയുടെ ആഭ്യന്തര രേഖകളും ഹാർഡ് ഡിസ്‌കുകളും സെൻസിറ്റീവ് ഡാറ്റയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി അവർ അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച മമത കേന്ദ്രം രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്ന് പറഞ്ഞു. പശ്ചിമ ബംഗാളിൽ നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആറിനിടെ വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കുന്നുവെന്നും ഇത് തെരഞ്ഞെടുപ്പു പ്രക്രിയയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും അവർ ആരോപിച്ചു.
‘പാർട്ടിയുടെ ഹാർഡ് ഡിസ്കും സ്ഥാനാർഥി പട്ടികയും ശേഖരിക്കേണ്ടത് ഇ.ഡിയുടെയും അമിത് ഷായുടെയും പണിയാണോ? രാജ്യത്തെ സംരക്ഷിക്കാൻ കഴിയാത്ത, എന്റെ എല്ലാ പാർട്ടി രേഖകളും എടുത്തുകൊണ്ടുപോകുന്ന വൃത്തികെട്ട ആഭ്യന്തര മന്ത്രി. ഞാൻ ബി.ജെ.പി പാർട്ടി ഓഫിസ് റെയ്ഡ് ചെയ്താൽ എന്തായിരിക്കും സംഭവിക്കുക?’ അവർ ചോദിച്ചു.
‘ഒരു വശത്ത്, പശ്ചിമ ബംഗാളിൽ എസ്.ഐ.ആർ നടത്തി അവർ എല്ലാ വോട്ടർമാരുടെയും പേരുകൾ ഇല്ലാതാക്കുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി എന്റെ പാർട്ടിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അവർ ശേഖരിക്കുന്നു. ബംഗാളിൽ ജയിക്കണമെങ്കിൽ ബി.ജെ.പിയെ രാഷ്ട്രീയമായി ഞങ്ങളോട് പോരാടാൻ ഞാൻ വെല്ലുവിളിക്കുന്നുവെന്നും’ ഇ.ഡി റെയ്ഡുകൾ നടന്നു കൊണ്ടിരിക്കെ ‘ഐ-പാക്കി’ന്റെ സാൾട്ട് ലേക്ക് ഓഫിസിലെത്തിയ ശേഷം മമത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.