രാഹുൽ ഗാന്ധി
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ അവിശ്വസനീയമായ വോട്ടിരട്ടിപ്പ് വിവാദത്തിൽ രാഹുൽ ഗാന്ധിയെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കത്തയച്ചു. വ്യാജ വോട്ടുകൾ പോൾ ചെയ്തുവെന്ന് പറയുന്ന ബൂത്തുകളിലെ വോട്ടെടുപ്പിന്റെ സി.സി.ടി.വി ഫൂട്ടേജ് പരിശോധനക്ക് ലഭ്യമാക്കണമെന്ന രാഹുലിന്റെയും കോൺഗ്രസിന്റെയും പ്രധാന ആവശ്യം തള്ളിയ ശേഷമാണ് കമീഷന്റെ ചർച്ചക്കുള്ള ക്ഷണം. എന്നാൽ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ മണ്ഡലത്തിലടക്കം നടന്ന വോട്ടിരട്ടിപ്പിന്റെ കണക്കുകൾ പങ്കുവെച്ച് സി.സി.ടി.വി ദൃശ്യങ്ങൾ ലഭ്യമാക്കണമെന്ന് രാഹുൽ ചൊവ്വാഴ്ചയും ആവർത്തിച്ചു.
ബി.ജെ.പി ജയിച്ച മണ്ഡലങ്ങളിൽ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാജ വോട്ടർമാരെ വൻതോതിൽ ചേർത്ത് വോട്ടിരട്ടിപ്പ് നടത്തിയെന്ന ഗുരുതരമായ വിഷയമാണ് രാഹുൽ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള കേവലം അഞ്ചുമാസം കൊണ്ട് ഫഡ്നാവിസിന്റെ മണ്ഡലത്തിൽ എട്ട് ശതമാനം വോട്ടർമാരെ ചേർത്തെന്ന് രാഹുൽ സമൂഹമാധ്യമ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
മഹാരാഷ്ട്രയിലെ കരട് വോട്ടർപട്ടിക കോൺഗ്രസ് അടക്കം എല്ലാ പാർട്ടികൾക്കും തെരഞ്ഞെടുപ്പിനുമുമ്പ് പരിശോധനക്ക് നൽകിയിരുന്നുവെന്നും അന്നാരും ആക്ഷേപം പറഞ്ഞില്ലെന്നുമാണ് കമീഷൻ നൽകുന്ന മറുപടി. ആക്ഷേപമുയർന്ന ഹരിയാനയിലെ 90 നിയമസഭ മണ്ഡലങ്ങളിലെ വോട്ടർ പട്ടിക കൈമാറ്റ തീയതികളും കമീഷൻ പുറത്തുവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.