മോഹൻ ഭഗവത്

‘എൽ.ജി.ബി.ടി.ക്യു+ സമൂഹത്തിന്റെ ഭാഗം; അവർക്ക് അർഹമായ അംഗീകാരം നൽകണം’ -മോഹൻ ഭഗവത്

ഹൈദരാബാദ്: എൽ.ജി.ബി.ടി.ക്യു+ സമൂഹം എന്നും ഭാരതീയ സമൂഹത്തിന്റെ ഭാഗമാണെന്നും, അവരെ മാറ്റിനിർത്താതെ അർഹമായ അന്തസ്സോടെയും അംഗീകാരത്തോടെയും സ്വീകരിക്കുകയാണ് വേണ്ടതെന്നും ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത്. ഹൈദരാബാദിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ഭാരതീയ പാരമ്പര്യത്തെയും സംസ്കാരത്തെയും മുൻനിർത്തി അദ്ദേഹം സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.

സമൂഹത്തിൽ ഇത്തരം ലിംഗ വൈവിധ്യങ്ങൾ പണ്ടുമുതലേ നിലനിന്നിരുന്നുവെന്ന് മോഹൻ ഭഗവത് ചൂണ്ടിക്കാട്ടി. ‘എൽ.ജി.ബി.ടി.ക്യു+ സമൂഹവും അത്തരം ആളുകളും നമ്മുടെ സമൂഹത്തിന്റെ യാഥാർത്ഥ്യമാണ്. ഇത്തരം പ്രവണതകൾ സമൂഹത്തിലുണ്ട്. ഇതിൽ ചിലത് ജന്മാലാലുള്ള പ്രത്യേകതകൾ കൊണ്ട് ഉണ്ടാകുന്നതാണ്. എന്നാൽ ചിലത് മാനസികമായോ ശാരീരികമായോ ഉള്ള താൽപ്പര്യങ്ങൾ കാരണം പിന്നീട് രൂപപ്പെടുന്നതുമാകാം’ മോഹൻ ഭഗവത് പറഞ്ഞു. ഈ വിഭാഗത്തിൽപ്പെട്ട ആളുകളെ ഒരുകാലത്തും സമൂഹം മാറ്റിനിർത്തരുതെന്ന് ഭഗവത് കൂട്ടിച്ചേർത്തു.

‘നമ്മുടെ പാരമ്പര്യം അവരുടെ നിലനിൽപ്പിനെ എന്നും അംഗീകരിച്ചിട്ടുണ്ട്. അവരും മനുഷ്യരാണ്, മറ്റുളളവരെപ്പോലെ മാന്യമായി ജീവിക്കാൻ അവർക്കും അവകാശമുണ്ട്. അവരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തേണ്ടതില്ല. ഭാരതീയ ജീവിതത്തിന്റെ വൈവിധ്യത്തിൽ അവർക്കും വ്യക്തമായ സ്ഥാനമുണ്ട്. ചരിത്രപരമായിത്തന്നെ നാം ഇതിനോട് അങ്ങേയറ്റം മാനുഷികമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. മുൻവിധികളോടെ അവരെ ബാധിക്കുന്ന രീതി ഭാരതത്തിൽ ഉണ്ടായിരുന്നില്ല.

ഇന്നും കുംഭമേളകളിൽ പങ്കൈടുക്കുന്ന മഹാമണ്ഡലേശ്വർമാർ ഉൾപ്പെടെ തങ്ങളുടേതായ ആരാധനാലയങ്ങളും ദൈവങ്ങളും ഈ സമൂഹത്തിനുണ്ടെന്നും, യാതൊരുവിധ കോലാഹലങ്ങളുമില്ലാതെ തികച്ചും സഹാനുഭൂതിയോടെയാണ് ഭാരതീയ സമൂഹം ഈ വിഷയത്തെ പരമ്പരാഗതമായി കൈകാര്യം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

എൽ.ജി.ബി.ടി.ക്യു+ സമൂഹത്തെക്കുറിച്ച് മോഹൻ ഭഗവത് സംസാരിക്കുന്നത് ഇതാദ്യമായല്ല. മുൻപും സമാനമായ കാഴ്ചപ്പാടുകൾ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. 2023 ജനുവരിയിൽ ആർ.എസ്.എസ് വാരികക്ക് നൽകിയ അഭിമുഖത്തിൽ, "എൽ.ജി.ബി.ടി.ക്യു+ ആളുകൾക്ക് അവരുടേതായ വ്യക്തിഗതവും സാമൂഹികവുമായ ഇടങ്ങൾ ഉണ്ടാകണം. അവരും മനുഷ്യരാണ്, മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവർക്കും അവകാശമുണ്ട്," എന്ന് അദ്ദേഹം പ്രസ്താവിച്ചിരുന്നു. ഇത്തരം വിഷയങ്ങൾ അനാവശ്യമായി വിവാദമാക്കുന്നതിൽ അർത്ഥമില്ലെന്നും കാലത്തിനനുസരിച്ച് സമൂഹം മാറ്റങ്ങളെ ഉൾക്കൊള്ളണമെന്നും അദ്ദേഹം അന്ന് അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയിൽ 2018ൽ സെക്ഷൻ 377 റദ്ദാക്കിയതിലൂടെ സ്വവർഗ്ഗാനുരാഗം കുറ്റകരമല്ലാതായെങ്കിലും, സ്വവർഗ്ഗ വിവാഹം ഉൾപ്പെടെയുള്ള അവകാശങ്ങൾക്ക് ഇപ്പോഴും നിയമപരമായ അംഗീകാരം ലഭിച്ചിട്ടില്ല. നിയമപരമായ വിവാഹ അംഗീകാരം ലഭിക്കാത്തതിനാൽ, മറ്റ് നിരവധി സാമൂഹിക-സാമ്പത്തിക അവകാശങ്ങളും അവർക്ക് നിഷേധിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ 'കാറ' (CARA - Central Adoption Resource Authority) നിയമങ്ങൾ അനുസരിച്ച്, വ്യക്തികൾക്ക് ഒറ്റക്ക് (സിഗ്ൾ പാരന്‍റ്) കുഞ്ഞിനെ ദത്തെടുക്കാം. എന്നാൽ, ഒരു എൽ.ജി.ബി.ടി.ക്യു+ ദമ്പതികൾക്ക് ഒരുമിച്ച് ഒരു കുട്ടിയെ ദത്തെടുക്കാൻ നിയമപരമായി അനുവാദമില്ല.

Tags:    
News Summary - Don't Ostracise LGBTQ+ Community, Says RSS Chief Mohan Bhagwat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.