ബാലവിവാഹത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് യു.എൻ അംഗീകാരം; നവംബർ 27 ഇനി അന്താരാഷ്ട്ര ദിനം

ന്യൂഡൽഹി: ബാലവിവാഹത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യരാഷ്ട്രസഭയുടെ ആഗോള അംഗീകാരം. നവംബർ 27 ‘ബാലവിവാഹം, നേരത്തെയുള്ള വിവാഹം, നിർബന്ധിത വിവാഹം എന്നിവ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി’ ആചരിക്കാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ചു. സെപ്റ്റംബർ 4-നാണ് ഇതുസംബന്ധിച്ച പ്രമേയം യു.എൻ അംഗീകരിച്ചത്.

ഇന്ത്യാ സർക്കാർ 2024 നവംബർ 27-ന് ആരംഭിച്ച ‘Child Marriage Free India’ (ബാലവിവാഹമുക്ത ഇന്ത്യ) ക്യാമ്പയിനുമായി ബന്ധപ്പെട്ടതാണ് നവംബർ 27 എന്ന തീയതിക്ക് പ്രത്യേക പ്രാധാന്യം. ബാലവിവാഹത്തിനെതിരെ പ്രത്യേക അന്താരാഷ്ട്ര ദിനം പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് Just Rights for Children (JRC) സ്ഥാപകൻ ഭുവൻ റിഭു ആണ്.

ഇന്ത്യയിലെ പ്രമുഖ ബാലാവകാശ പ്രവർത്തകനും അഭിഭാഷകനുമാണ്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ബാലവേല, മനുഷ്യക്കടത്ത്, ബാലവിവാഹം തുടങ്ങിയ വിഷയങ്ങൾക്കെതിരെ നിയമപരവും സാമൂഹികവുമായ പോരാട്ടങ്ങൾ നയിച്ചതിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനാവുന്നത്.

2026 മാർച്ചിൽ യു.എന്നിൽ നടത്തിയ പ്രസംഗത്തിൽ റിഭു ബാലവിവാഹം അവസാനിപ്പിക്കുന്നതിനായി പ്രത്യേക ആഗോള ദിനം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സിയറ ലിയോണിന്റെ പ്രഥമ വനിത ഡോ. ഫാത്തിമ മാദ ബിയോ ഉൾപ്പെടെയുള്ളവർ ഈ നീക്കത്തിന് പിന്തുണ നൽകി. തുടർന്ന് സിയറ ലിയോൺ മുൻകൈയെടുത്ത് യു.എൻ ജനറൽ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ആകെ 67 രാജ്യങ്ങൾ പ്രമേയത്തിന്റെ സഹസ്പോൺസർമാരായി.

യു.എൻ തീരുമാനത്തെ സ്വാഗതം ചെയ്ത് ഭുവൻ റിഭു ഇന്ത്യയുടെ ബാലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്ന് പറഞ്ഞു. കുട്ടികളും സമൂഹങ്ങളും ചേർന്ന് ആരംഭിച്ച ‘ബാലവിവാഹമുക്ത ഇന്ത്യ’ ക്യാമ്പയിന് പിന്നീട് കേന്ദ്രസർക്കാരിന്റെ പിന്തുണ ലഭിക്കുകയും രാജ്യവ്യാപകമായി വ്യാപിപ്പിക്കുകയും ചെയ്തു. 2024 നവംബർ 27-ന് 25 കോടിയിലധികം ആളുകൾ ബാലവിവാഹത്തിനെതിരെ പ്രതിജ്ഞയെടുത്തതായും അദ്ദേഹം പറഞ്ഞു.

ബാലവിവാഹം അവസാനിപ്പിക്കുന്നതിനായി 2030-ഓടെ ലോക രാജ്യങ്ങൾ നിർണായക നടപടികൾ സ്വീകരിക്കണമെന്നും ഓരോ കുട്ടിക്കും വിദ്യാഭ്യാസം, സംരക്ഷണം, സമഗ്രവികസനം എന്നിവ ഉറപ്പാക്കണമെന്നും റിഭു ആവശ്യപ്പെട്ടു. സിയറ ലിയോണിന്റെ പ്രഥമ വനിതയുടെ നേതൃത്വത്തിനും പ്രമേയത്തെ പിന്തുണച്ച രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇന്ത്യയിൽ ബാലവിവാഹ നിരക്ക് കുറയുന്നു

രാജ്യത്ത് ബാലവിവാഹത്തിന്റെ തോത് കുറയുന്നതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2019-21ലെ ദേശീയ കുടുംബാരോഗ്യ സർവേയായ NFHS-5 പ്രകാരം 20-24 വയസ്സുള്ള സ്ത്രീകളിൽ 18 വയസ്സിന് മുമ്പ് വിവാഹിതരായവരുടെ നിരക്ക് 23.3 ശതമാനമായിരുന്നു. 2023-24ൽ ഇത് 20.1 ശതമാനമായി കുറഞ്ഞു.

2026-ഓടെ ബാലവിവാഹത്തിന്റെ വ്യാപനം 10 ശതമാനമായി കുറക്കുകയാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കേന്ദ്ര-സംസ്ഥാന തലങ്ങളിലെ തുടർച്ചയായ ഇടപെടലുകളിലൂടെ 2026 അവസാനത്തോടെ നിരക്ക് 15 ശതമാനത്തിൽ താഴെയെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.

99 രാജ്യങ്ങളിലേക്ക് ക്യാമ്പയിൻ

ഇന്ത്യയിലെ ‘ബാലവിവാഹമുക്ത ഇന്ത്യ’ ക്യാമ്പയിന്റെ മാതൃകയിൽ JRC 2024 ഡിസംബറിൽ ‘Child Marriage Free Nepal’ ക്യാമ്പയിനും ആരംഭിച്ചിരുന്നു. പിന്നീട് ബാലവിവാഹത്തിനെതിരായ ഈ പ്രസ്ഥാനം 99-ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചതായും 25 കോടിയിലധികം ആളുകൾ ബാലവിവാഹം അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞയെടുത്തതായും ജെ.ആർ.സി അറിയിച്ചു.

ബാലവിവാഹത്തിനെതിരായ പോരാട്ടത്തിന് ആഗോള തലത്തിൽ കൂടുതൽ ശക്തമായ ഇടപെടലുകൾക്ക് യു.എൻ പ്രഖ്യാപനം വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - UN declares November 27 as International Day against Child Marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.