പത്താം ദിനം പുനർജന്മം; നേപ്പാളിൽ പ്രളയാവശിഷ്ടങ്ങൾക്കിടയിൽ നിന്നും 60-കാരി അത്ഭുതകരമായി രക്ഷപ്പെട്ടു
നുവാക്കോട്ട് (നേപ്പാൾ): നുവാക്കോട്ട് ജില്ലയിലെ ബെട്രാവതിയിൽ നാലുനില വീടിന്റെ മുകളിലത്തെ നിലയിൽ കുടുങ്ങിയ 60 വയസ്സുള്ള സ്ത്രീയെ 10 ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ചണ്ഡിക ശ്രേഷ്ഠയെയാണ് അബോധാവസ്ഥയിൽ ബിദൂർ മുനിസിപ്പാലിറ്റി 10ലെ വീട്ടിൽനിന്ന് രക്ഷപ്പെടുത്തിയതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഒമ്പത് അംഗ സായുധ പൊലീസ് സേനയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ശ്രേഷ്ഠയെ പ്രാഥമിക ചികിത്സക്കായി ഹെലികോപ്ടറിൽ ത്രിശൂലിയിലെ നേപ്പാളി സൈന്യത്തിന്റെ മൈഥിലി ബാരക്കിലേക്ക് കൊണ്ടുപോയി. ആവശ്യമെങ്കിൽ കൂടുതൽ ചികിത്സക്കായി അവരെ കാഠ്മണ്ഡുവിലേക്ക് കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെള്ളിയാഴ്ച ത്രിശൂലി 3 എ ജലവൈദ്യുതി പദ്ധതിയുടെ ഒരു തുരങ്കത്തിൽനിന്ന് രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. പദ്ധതിയുടെ മെക്കാനിക്കൽ സൂപ്പർവൈസർ കബീർ മഹാർജൻ (45), ഫോർമാൻ സഞ്ജയ് സാഹ് (30) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
അതിനിടെ, വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 1,344 ആയി ഉയർന്നു. കാണാതായ, 900 പേർക്കായി തിരച്ചിൽ തുടരുകയാണ്. റാസുവ, നുവാക്കോട്ട് ജില്ലകളിലായി 600ലധികം കുട്ടികളും കാണാതായവരിലുണ്ട്. കണ്ടെടുത്ത ആകെ മൃതദേഹങ്ങളിൽ 758 പേർ മുതിർന്നവരും 85 പേർ കുട്ടികളുമാണ്. 501 പേരുടെ ശരീരഭാഗങ്ങൾ കാണാതായതായി ഉദ്യോഗസ്ഥർ പറഞ്ഞു. ചൈനീസ് ഭാഗത്ത് 21 പേർ മരിച്ച ദുരന്തത്തിൽ തിബത്തിൽ 500ലധികം പേരെ കാണാതായതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേപ്പാളിൽ ചിത്വാൻ ജില്ലയിൽ മാത്രം 360ഓളം മൃതദേഹങ്ങൾ കണ്ടെടുത്തു. ഡി.എൻ.എ സാമ്പ്ൾ ശേഖരണം ഉൾപ്പെടെയുള്ള ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം 1030 മൃതദേഹങ്ങൾ താൽക്കാലികമായി സംസ്കരിച്ചു.
ഡി.എൻ.എ പരിശോധന: ഉദ്യോഗസ്ഥരെ നിയമിച്ചു
തിരുവനന്തപുരം: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന സംബന്ധിച്ച നടപടികൾക്കായി സംസ്ഥാന സർക്കാർ നോഡൽ ഓഫിസർമാരെ നിയോഗിച്ചു. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലബോറട്ടറി ഡി.എൻ.എ ഡിവിഷൻ അസിസ്റ്റൻറ് ഡയറക്ടർ അനു ചന്ദ്ര (ഫോൺ: 9656560865), തൃശൂർ റീജിനൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ എസ്. ഉണ്ണികൃഷ്ണൻ (ഫോൺ: 9388137475), എറണാകുളം റീജിനൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ സയൻറിഫിക് ഓഫിസർ പ്രിയ മേരി ചാക്കോ (ഫോൺ: 9656719301), കണ്ണൂർ റീജിനൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഡോ. എ.കെ. ഹെൽന (ഫോൺ: 9496463811) എന്നിവരെയാണ് നിയോഗിച്ചത്. മരിച്ചവരുടെ ബന്ധുക്കൾക്ക് അതാത് പ്രദേശത്തെ നോഡൽ ഓഫിസർമാരെ ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കാമെന്ന് ഫോറൻസിക് യൻസ് ലബോറട്ടറി ഡയറക്ടർ പ്രദീപ് സജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.