ന്യൂഡൽഹി: സുപ്രീംകോടതിക്കു മുന്നിൽ നായ് സ്നേഹികളും അഭിഭാഷകരും ഏറ്റുമുട്ടി. തെരുവുനായ്ക്കളെ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് ഷെൽറ്റർ ഹോമുകളിലേക്ക് മാറ്റണമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഇരുവിഭാഗവും തമ്മിലുള്ള തർക്കം മൂത്ത് അഭിഭാഷകൻ ഒരാളെ മർദിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ആഗസ്റ്റ് 11ന് കോടതി ഉത്തരവ് പുറത്തുവന്നതിനു പിന്നാലെ കോടതിക്ക് പുറത്ത് നടന്ന ഏറ്റുമുട്ടലിന്‍റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോടതിക്ക് പുറത്ത് ആളുകൾ അഭിഭാഷകനു നേർക്ക് അലറുന്നതും ചീത്ത പറയുന്നതും കാണാം.
നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവ അടങ്ങുന്ന ഡൽഹി എൻ.സി.ആർ മേഖലയിൽ തെരുവു നായ്ക്കൾക്ക് വേണ്ടി ഷെൽറ്റർ നിർമിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഷെൽറ്ററുകളിൽ സി.സി.ടി.വിയും സ്റ്റെറിലൈസേഷൻ സംവിധാനം, പ്രതിരോധ സംവിധാനങ്ങൾ എന്നിവയും ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.
"ഇത് ചെയ്യുന്നത് ഞങ്ങൾക്ക് വേണ്ടിയല്ല മറിച്ച് പൊതു താൽപ്പര്യമനുസരിച്ചാണ്. ഇവിടെ വൈകാരികമായി ഇടപെടലുകൾക്ക് പ്ര സക്തിയില്ല. എത്രയും വേഗം നടപടിയെടുക്കുകയാണ് വേണ്ടത്." ജസ്റ്റിസ് പർദിവാല പറഞ്ഞു. എല്ലായിടത്തുനിന്നും നായ്ക്കളെ പിടികൂടി ഷെൽറ്ററിലാക്കാനാണ് ഉത്തരവ്.
ഡൽഹി മേഖലയിൽ നായ്ക്കളുടെ കടി ഏൽക്കുന്നവരുടെയും പേവിഷ ബാധ മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാൽ കോടതി ഉത്തരവിൽ നായ് സ്നേഹികൾ എതിർപ്പ് പ്രകടിപ്പിച്ചു. നടപടി അപ്രായോഗികവും, സാമ്പത്തിക ഭാരം ഉണ്ടാക്കുന്നതും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ബാധിക്കുന്നതുമാണെന്ന് മുൻ കേന്ദ്ര മന്ത്രി മനേകാ ഗാന്ധി വിമർശിച്ചു. ഡൽഹിയിലെ 3 ലക്ഷത്തിൽപ്പരം നായ്ക്കൾക്ക് ഷെൽറ്റർ ഒരുക്കുന്നതിന് 15000 കോടി രൂപ വേണ്ടി വരുമെന്നാണ് അവർ ആരോപിക്കുന്നത്. വിവിധ മേഖലയിൽ നിന്ന് എതിർപ്പുകൾ ഉയർന്നു വന്നതിനെ തുടർന്ന് ഉത്തരവ് പുനപരിശോധിക്കുമെന്ന ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.