വി.സി. ചന്ദ്രകുമാർ കുടുംബാംഗങ്ങൾക്കൊപ്പം
ഈറോഡ് ഈസ്റ്റിൽ ഡി.എം.കെ; എതിരില്ലാതെ വി.സി. ചന്ദ്രകുമാർ
ചെന്നൈ: ഉപതെരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡസത്തിൽ ഡി.എം.കെക്ക് വൻവിജയം. ഡി.എം.കെ സ്ഥാനാർഥി വി.സി. ചന്ദ്രകുമാർ 91558 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ചന്ദ്രകുമാർ 115709 വോട്ടുകൾ നേടിയപ്പോൾ നാം തമിഴർ കച്ചിയുടെ (എൻ.ടി.കെ) എം.കെ. സീതാലക്ഷ്മിക്ക് 24151 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 6109 വോട്ടുകൾ നേടി നോട്ടയാണ് മണ്ഡലത്തിൽ മൂന്നാം സ്ഥാനം.
മണ്ഡലത്തിൽ 67.97 ശതമാനം പോളിങ് രേഖപ്പെടുത്തി. എ.ഐ.എ.ഡി.എം.കെ, ബി.ജെ.പി, ഡി.എം.ഡി.കെ, ടി.വി.കെ എന്നീ പാർട്ടികൾ മത്സര രംഗത്തുണ്ടായിരുന്നില്ല. 46 സ്ഥാനാർഥികളാണ് മണ്ഡലത്തിൽ മത്സരിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇ.വി.കെ.എസ്. ഇളങ്കോവൻ അന്തരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് സിറ്റിങ് സീറ്റ് ഡി.എം.കെ ഏറ്റെടുക്കുകയായിരുന്നു. 14 വർഷം ഇളങ്കോവൻ ആയിരുന്നു ഈറോഡിലെ എം.എൽ.എ.
2011-16 കാലയളവിൽ ഇതേ മണ്ഡലത്തിൽ നിന്ന് വി.സി. ചന്ദ്രകുമാർ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്തരിച്ച ഡി.എം.ഡി.കെ സ്ഥാപക നേതാവ് വിജയ്കാന്തിന്റെ വിശ്വസ്തനായിരുന്ന ചന്ദ്രകുമാർ പിന്നീട് ഡി.എം.കെയിൽ ചേരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.