ഡി.എം.കെ എം.പിമാർക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണം; ലോക്സഭാ സ്പീക്കർക്ക് കത്തെഴുതി കനിമൊഴി
ഡൽഹി: കോൺഗ്രസുമായുള്ള സഖ്യം അവസാനിപ്പിക്കുന്ന സാഹചര്യത്തിൽ ഡി.എം.കെ എം.പിമാർക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കത്തെഴുതി കനിമൊഴി. 22 എം.പിമാരുമാരുള്ള ഡി.എം.കെ ഇൻഡ്യ മുന്നണിയിലെ നാലാമത്തെ വലിയ കക്ഷിയാണ്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഡി.എം.കെ അംഗങ്ങൾക്കൊപ്പം കൊൺഗ്രസ് എം.പിമാർ തുടരുന്നത് ഉചിതമല്ലെന്ന് കാട്ടിയാണ് കനിമൊഴി കത്തെഴുതിയത്.
ലോക്സഭയിൽ ഡി.എം.കെ എം.പിമാകുടെ ഇരിപ്പിട ക്രമീകരണത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്തണമെന്ന് അഭ്യർത്ഥിക്കുന്നതായും, കോൺഗ്രസുമായുള്ള അസ്വാരസ്യങ്ങൾ തുറന്നുകാട്ടുന്നതുമായിരുന്നു കനിമൊഴിയുടെ കത്ത്. തമിഴ്നാട്ടിൽ വിജയ് നേതൃത്വത്തിലുള്ള ടി.എം.കെക്ക് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കനിമൊഴിയുടെ ഈ കത്ത്.
ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കോൺഗ്രസിന്‍റെ നീക്കത്തിനെതിരെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തു വന്നിരുന്നു. ഞങ്ങൾ പ്രതിസന്ധി ഘട്ടത്തിൽ പരസ്പരം ഉപേക്ഷിക്കുന്നവരല്ല എന്നാണ് മമത ബാനർജിക്കും എം.കെ സ്റ്റാലിനുമൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞത്.
തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ അഖിലേഷ് യാദവ് മമതയെയും അഭിഷേക് ബാനർജിയെയും സന്ദർശിച്ചിരുന്നു. 234 അംഗങ്ങളുള്ള നിയമസഭയിൽ സർക്കാർ രൂപവത്കരിക്കാൻ 118 സീറ്റുകൾ വേണം. 107 സീറ്റ് നേടിയ ടി.വി.കെക്ക് അഞ്ച് കോൺഗ്രസ് എം.എൽ.എമാരുടെ പിന്തുണയുണ്ട്. ഇപ്പോൾ ഡി.എം.കെ സഖ്യത്തിന്‍റെ ഭാഗമായ സി.പി.ഐ, സി.പി.എം, വി.സി.കെ പാർട്ടികൾ കൂടി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നു പാർട്ടികൾക്കുമായി ആറു എം.എൽ.എമാരാണുള്ളത്. സി.പി.ഐ തങ്ങളുടെ രണ്ടു എം.എൽ.എമാരുടെ പിന്തുണക്കത്ത് കൈമാറിക്കഴിഞ്ഞു. ഇതോടെ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തിലാണ് ടി.വി.കെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.