ന്യൂഡൽഹി: പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ, ഇതേ ചൊല്ലി തെരഞ്ഞടുപ്പ് കമീഷനിലുണ്ടായ ഭിന്നത പുറത്തുവന്നു. പ്രായമായവർ, രോഗികൾ, ഭിന്നശേഷിക്കാർ, പാവപ്പെട്ടവർ, സാധാരണക്കാർ എന്നിവർ ഉൾപ്പെടെയുള്ള യഥാർഥ വോട്ടർമാരുടെയും പൗരന്മാരുടെയും വോട്ടവകാശം എസ്.ഐ.ആറിലൂടെ ഇല്ലാതാകരുതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷണർമാരിലൊരാളായ സുഖ്‌ബീർ സിങ് സന്ധു ആവശ്യപ്പെട്ട വിവരമാണ് പുറത്തുവന്നിരിക്കുന്നത്.
ബിഹാറിൽ തുടക്കം കുറിച്ച് രാജ്യത്താകെ എസ്.ഐ.ആർ നടത്തണമെന്ന് ജൂൺ 24ന് ഇറക്കിയ ഉത്തരവിന്റെ കരടിൽ ഇതേ തുടർന്ന് മാറ്റം വരുത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. പ്രക്രിയയിൽ ജാഗ്രത വേണമെന്ന് ഉത്തരവിന്‍റെ കരടിൽ കമീഷണർ സുഖ്‌ബീർ സിങ് സന്ധു രേഖപ്പെടുത്തിയിരുന്നതായാണ് ഇന്ത്യൻ എക്‌സ്പ്രസിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതും, ചിലർക്ക് അധികമായി രേഖകൾ സമർപ്പിക്കേണ്ടിവരുന്നതിനെയും പരാമർശിച്ചാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്.
എസ്.ഐ.ആറിനെ വ്യക്തമായി പൗരത്വ നിയമവുമായി ബന്ധപ്പെടുത്തുന്ന പരാമർശങ്ങളും കരട് രേഖയിലുണ്ടായിരുന്നു.
ഭരണഘടനയും, 1955ലെ പൗരത്വ നിയമവും അനുസരിച്ച് പൗരന്മാരായിരിക്കുന്നവരെ മാത്രമാണ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതെന്ന് ഉറപ്പുവരുത്താനുള്ള ഭരണഘടനപരമായ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമീഷനുണ്ടെന്ന് കരട് ഉത്തരവിന്‍റെ 2.5, 2.6 ഖണ്ഡികകളിൽ പറയുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തിൽ 2004ൽ ഭേദഗതി വരുത്തിയെന്നും അതിനുശേഷം രാജ്യത്ത് ഇതുവരെ എസ്.ഐ.ആർ നടത്തിയിട്ടില്ലെന്നും പരാമർശിക്കുന്നുണ്ട്.
എന്നാൽ, അന്തിമ ഉത്തരവിൽ പൗരത്വ നിയമത്തെക്കുറിച്ചും, 2003ൽ പാസാക്കി 2004ൽ ബാധകമാക്കിയ ഭേദഗതിയെക്കുറിച്ചുമുള്ള പരാമർശം ഒഴിവാക്കി. കമീഷണർ സന്ധുവിന്‍റെ പരാമർശത്തിലെ പൗരന്മാർ എന്ന പദവും ഒഴിവാക്കി. വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യേണ്ട വ്യക്തി ഇന്ത്യൻ പൗരനായിരിക്കണമെന്ന് ഭരണഘടനയുടെ അനുച്ഛേദം 326ൽ ഒരു മുൻ ഉപാധിയായി നിഷ്കർഷിച്ചിട്ടുണ്ടെന്ന കാര്യം ഉത്തരവിന്‍റെ 8-ാം ഖണ്ഡികയിൽ പറയുന്ന കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്.
ഒരു വാചകം പൂർണമാക്കാതെ അർധവിരാമത്തിൽ വിട്ടിട്ടുമുണ്ട്. ഈ അപൂർണ വാചകത്തെക്കുറിച്ച് കമീഷൻ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. താൻ രേഖപ്പെടുത്തിയ ആശങ്ക പരിഗണിക്കപ്പെട്ടോ എന്ന കാര്യത്തെക്കുറിച്ച് കമീഷണർ സന്ധുവും പിന്നീട് പ്രതികരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.