ന്യൂഡൽഹി: മാപ്പുപറയണമെന്ന ബി.ജെ.പി മുറവിളിക്കിടയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി വ്യാഴാഴ്ച പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിനെത്തി. വിദേശ സന്ദർശനം കഴിഞ്ഞ് ബുധനാഴ്ച തിരിച്ചെത്തിയ രാഹുൽ ഗാന്ധി തനിക്കെതിരെ നാല് കേന്ദ്ര മന്ത്രിമാർ രണ്ട് സഭകളിലുമുന്നയിച്ച ആരോപണത്തിന് വ്യാഴാഴ്ച പാർലമെന്റിൽ മറുപടിയുമെന്ന് കരുതിയെങ്കിലും അതിനവസരം ലഭിച്ചില്ല.
കോൺഗ്രസിന്റെ രാജ്യസഭയിലെ എം.പിമാരായ ഇംറാൻ പ്രതാപ്ഗഡിക്കും ജെബി മേത്തറിനുമൊപ്പം പാർലമെന്റ് മന്ദിരത്തിലേക്ക് വന്ന രാഹുലിനോട് മാപ്പു പറയണമെന്ന ബി.ജെ.പി ആവശ്യം അംഗീകരിക്കുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. രാഹുൽ പിന്നീട് ലോക്സഭ സ്പീക്കർ ഓം ബിർലയെ നേരിൽ കണ്ട് കേന്ദ്രമന്ത്രിമാർ സഭയിൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, സ്പീക്കർ ചിരിച്ചൊഴിഞ്ഞുവെന്ന് രാഹുൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസവും ലോക്സഭയിലും രാജ്യസഭയിലും രാഹുലിനെതിരായ വിമർശനത്തിന് നേതൃത്വം നൽകിയ മന്ത്രിമാർ ഇരുസഭകളും തുടങ്ങിയപ്പോൾ പതിവ് പോലെ സ്പീക്കറും ചെയർമാനും ക്ഷണിച്ചിട്ടും സംസാരിക്കാതെ മൗനം പാലിച്ചു. ഇത് രാഹുലിന് മറുപടി പറയാൻ അവസരം ലഭിക്കാതിരിക്കാനായിരുന്നു. മറുപടി പറയാൻ രാഹുലിന് അവസരം വേണമെന്ന് പറഞ്ഞ എം.പിമാരോട് സഭ ക്രമത്തിലാകാതെ കഴിയില്ലെന്ന് സ്പീക്കർ മറുപടി നൽകി. സഭ സ്തംഭിച്ച ശേഷം സെൻട്രൽ ഹാളിൽ കോൺഗ്രസ് എം.പിമാരുമായി രാഹുൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.