ന്യായവില കിട്ടിയില്ല; വെളുത്തുള്ളി കൂട്ടിയിട്ട്​ കത്തിച്ച്​ പ്രതിഷേധിച്ച്​ യുവകർഷകൻ -വിഡിയോ

ഭോപാൽ: ന്യായവില ലഭിക്കാത്തതിനെ തുടർന്ന്​ ​ലേലത്തിനിടെ 160 കിലോ വെളുത്തുള്ളി കത്തിച്ച്​ പ്രതിഷേധിച്ച്​ യുവ കർഷകൻ. മധ്യപ്രദേശിലെ മന്ദ്​സോറിലാണ്​ സംഭവം.

മന്ദ്​സോർ മണ്ഡിയിലെ മൊത്തവ്യാപാരികൾക്ക്​ വെളുത്തുള്ളി വിൽക്കാനെത്തിയതായിരുന്നു ദിയോലിയിൽനിന്നുള്ള ശങ്കർ സിർഫിറ. എന്നാൽ ന്യായമായ വില ലഭിക്കാതെ വന്നതോടെ യുവ കർഷകൻ കടുത്ത നടപടി സ്വീകരിക്കുകയായിരുന്നു.

'ജയ്​ ജവാൻ ജയ്​ കിസാൻ' മു​ദ്രാവാക്യം മുഴക്കി വെളുത്തുള്ളി കൂട്ടിയിട്ട്​ കത്തിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. മണ്ഡിയിലെ ജീവനക്കാരും മറ്റ്​ കർഷകരും ഉടൻ തീ അണച്ചതിനെ തുടർന്ന്​ കൂടുതൽ നാശനഷ്​ടങ്ങളുണ്ടാകുന്നത്​ ഒഴിവാക്കി.

'വെളുത്തുള്ളി ചന്തയിലെത്തിക്കാൻ മാത്രം ഞാൻ 5000 രൂപ മുടക്കി, എനിക്ക്​ വാങ്ങുന്നവർ തന്നത്​ 1100 രൂപയും. വെളുത്തുള്ളി കത്തിച്ച്​ കളയുന്നതാണ്​ അതിലും നല്ലത്​. ഈ സീസണിൽ വെളുത്തുള്ളി കൃഷി ചെയ്യാൻ 2.5ലക്ഷം രൂപ ചെലവഴിച്ചു. എന്നാൽ, വിപണിയിൽനിന്ന് ലഭിച്ചത്​ ഒരു ലക്ഷം രൂപ മാത്രവും' -ശങ്കർ പറഞ്ഞു. ​

മണ്ഡിയിൽ തീയിട്ടതിന്​ കർഷകനെ പൊലീസ്​ സ്​റ്റേഷനിലെത്തിച്ചു. എന്നാൽ, മറ്റ്​ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്​ നാശനഷ്​ടങ്ങളൊന്നും ഇല്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന്​ വൈ.ഡി നഗർ പൊലീസ്​ സ്​റ്റേഷൻ ഇൻചാർജ്​ ജിതേന്ദ്ര പതക്ക്​ പറഞ്ഞു.

ആഗസ്റ്റിൽ മഹാരാഷ്ട്രയിലെ നാസിക്കിൽ മൊത്തവിപണിയിൽ ന്യായമായ വില ലഭിക്കാത്തതിനെ തുടർന്ന്​ റോഡിൽ തക്കാളി ഉപേക്ഷിക്കുന്നതിന്‍റെ വിഡിയോകൾ പുറത്തുവന്നിരുന്നു. 

Tags:    
News Summary - Didnt Get Fair Price Farmer Sets 160 kg Garlic Produce Ablaze Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.