പരീക്ഷാ പേപ്പർ ചോർച്ച: ധർമേന്ദ്ര പ്രധാൻ അന്ന് തെരുവിലിറങ്ങി; ഇന്ന് നീറ്റ് ക്രമക്കേടിൽ രാജിഭീഷണിയിൽ

ന്യൂഡൽഹി: 1997ൽ ഒഡീഷയിൽ ജാനകി ബല്ലഭ് പട്‌നായികിന്റെ കോൺഗ്രസ് ഭരണകാലം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽനിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിൽ പരീക്ഷ പേപ്പർ ചോർച്ചക്കെതിരെ പ്രതിഷേധിക്കാൻ അന്ന് 1,500ഓളം വിദ്യാർഥികളാണ് തെരുവിലിറങ്ങിയത്. ആ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ വിദ്യാർഥി നേതാക്കളിൽ പ്രമുഖൻ ഇന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആയിരുന്നു.

അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ (എ.ബി.വി.പി) സജീവ പ്രവർത്തകനായിരുന്ന പ്രധാൻ അന്ന് നടത്തിയ സമരങ്ങൾ 2021ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ ’ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്’ വിശദീകരിക്കുന്നുണ്ട്. ആർ.എസ്.എസിന്റെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയിലൂടെ 18ാം വയസ്സിലാണ് പ്രധാൻ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. ഉത്കൽ സർവകലാശാലയിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം, 1994 നവംബറിനും 1997 നും ഇടയിൽ രണ്ടുതവണ എ.ബി.വി.പിയുടെ ദേശീയ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

1997ൽ ഒഡീഷയിൽ ചോദ്യപേപ്പർ ചോർച്ച വിവാദം കൊടുമ്പിരികൊണ്ട സമയത്ത്, പ്രധാൻ എ.ബി.വി.പി ദേശീയ സെക്രട്ടറിയായിരിക്കെ ബി.ജെ.പിയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു. പൊലീസിന്റെ ക്രൂരമായ മർദ്ദനത്തിൽ അന്ന് പ്രധാന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

2021ൽ വിദ്യാഭ്യാസ മന്ത്രിയാകുന്നതിന് മുമ്പ് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം എന്നിവയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ഒഡീഷയിൽ ബി.ജെ.പിയുടെ സംഘടനാ അടിത്തറ ശക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 2024-ൽ നവീൻ പട്നായികിന്റെ 24 വർഷം നീണ്ട ബി.ജെ.ഡി ഭരണത്തിന് വിരാമമിട്ട് സംസ്ഥാനത്ത് ആദ്യമായി ബി.ജെ.പി സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിലും വലിയ പങ്കുവഹിച്ചു.

എന്നാൽ, മൂന്ന് പതിറ്റാണ്ട് മുൻപ് തന്നെ പ്രശസ്തനാക്കിയ അതേ പരീക്ഷാ പേപ്പർ ചോർച്ച വിഷയം ഇന്ന് പ്രധാന് തിരിച്ചടിയായിരിക്കുകയാണ്. നീറ്റ്-യു.ജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിച്ച ആയിരക്കണക്കിന് വിദ്യാർഥികൾക്ക് നേരെ പൊലീസ് കടുത്ത മർദ്ദനമാണ് അഴിച്ചുവിട്ടത്. ഡൽഹി പൊലീസിന്റെ ലാത്തിച്ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും നൂറിലധികം വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിൽ ഗുരുതരമായി പരിക്കേറ്റ 21 വയസ്സുള്ള ഒരു വിദ്യാർഥിനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവം രാഷ്ട്രീയമായി വൻ വിവാദമായതോടെ, വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്ന് ധർമേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി. രാജ്യസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് അധ്യക്ഷനുമായ മല്ലികാർജുൻ ഖാർഗെ, പരീക്ഷാ വിവാദത്തിൽ കൃത്യമായ ചർച്ച നടക്കണമെങ്കിൽ വിദ്യാഭ്യാസ മന്ത്രി ആദ്യം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു.

വിഷയത്തിൽ ചർച്ചക്ക് സർക്കാർ പൂർണ്ണ സജ്ജമാണെന്നും മറച്ചുവെക്കാൻ ഒന്നുമില്ലെന്നും കേന്ദ്രമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജെ.പി. നഡ്ഡ വ്യക്തമാക്കി.

അതേസമയം, വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നതിനിടെ സമരം തണുപ്പിക്കാൻ ഇടപ്പെടലുമായി കേന്ദ്ര സർക്കാറും രംഗത്ത് എത്തിയിട്ടുണ്ട്.

പരീക്ഷാ പേപ്പർ ചോർച്ച കേസിൽ ഉൾപ്പെടുന്നവർക്ക് വേഗത്തിൽ കർശന ശിക്ഷ ഉറപ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്നതിനാണ് സർക്കാറിന്റെ ഉയർന്ന മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

‘പേപ്പർ ചോർച്ചയിൽ പങ്കാളികളാകുന്നവർക്ക് വേഗത്തിലും കഠിനവുമായ ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർഥികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള തുടർച്ചയായ നടപടികളുടെ ഭാഗമാണിത്’ പ്രധാനമന്ത്രി എകസിൽ കുറിച്ചു.

നമ്മുടെ യുവാക്കളുടെ ഭാവിയെ തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ല എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Dharmendra Pradhan Led Exam Leak Protest In 1997, Now Education Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.