ന്യൂഡല്‍ഹി: കഴിഞ്ഞ ഡിസംബറിൽ ഹരിദ്വാറിൽ നടന്ന ധരം സന്‍സദില്‍ മുസ്ലിംകള്‍ക്കെതിരേ വംശഹത്യാ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിനോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീംകോടതി.
വിഷയത്തില്‍ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി, മുതിര്‍ന്ന അഭിഭാഷക അഞ്ജനാ പ്രകാശ് എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്.കെ എന്നിവരടങ്ങിയ ബെഞ്ചാണ് സംസ്ഥാന സർക്കാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ നാല് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും മൂന്നെണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും ഉത്തരാഖണ്ഡ് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഷിംലയിലും ഞായറാഴ്ച സമാനമായ ധരംസന്‍സദ് നടത്താന്‍ നിശ്ചയിച്ചതായി ഹരജിക്കാരുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം ഹിമാചല്‍പ്രദേശ് അധികൃതരെ അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി ബന്ധപ്പെട്ട ജില്ല കലക്ടര്‍ക്ക് പരാതി നല്‍കാനും ഹരജിക്കാര്‍ക്ക് അനുമതി നല്‍കി. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.