ഷിംല: ഹിമാചൽപ്രദേശ് ഡെപ്യൂട്ടി സ്പീക്കർ ഹൻസ് രാജ് സ്കൂൾ വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ചമ്പ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂൾ സന്ദർശനത്തിനിടെ വിദ്യാർഥികളുമായി സംസാരിക്കുകയായിരുന്നു ഹൻസ് രാജ്. കൊച്ചു കുട്ടികൾ ക്ലാസ് മുറിയിൽ നിലത്തിരുന്ന് ഹൻസ് രാജിന്‍റെ പ്രസംഗം കേൾക്കുന്നതും പെട്ടെന്ന് അദ്ദേഹം പ്രകോപിതനായി ഒരു വിദ്യാർഥിയുടെ തലക്ക് ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. 'ഇത് ഏതെങ്കിലും വിനോദ പരിപാടിയാണോ, നീ എന്തിനാ ചിരിക്കുന്നത്' എന്ന ആക്രോശത്തോടെയാണ് ഹൻസ് രാജ് കുട്ടിയെ മർദിക്കുന്നത്. ചുറ അസംബ്ലി മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് ഹൻസ് രാജ്.
സംഭവത്തെ കോൺഗ്രസ് അപലപിച്ചു. ഹൻസ് രാജിനെതിരെ ആഞ്ഞടിച്ച കോൺഗ്രസ് എം.എൽ.എ വിക്രമാദിത്യസിങ് സംഭവം നിർഭാഗ്യകരമാണെന്നും നീതീകരിക്കാനാവില്ലെന്നും പറഞ്ഞു. അതേസമയം, മർദനമേറ്റ കുട്ടിയുടെ പിതാവായ റായിസ് മുഹമ്മദിന്‍റെ ഒരു വീഡിയോ ഡെപ്യൂട്ടി സ്പീക്കർ ഫേയ്സ്ബുക്കിലൂടെ പങ്ക് വെച്ചു. തന്‍റെ മകനെ എന്തോ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നതിനിടെ ഡെപ്യൂട്ടി സ്പീക്കറുടെ കൈ അവന്‍റെ ദേഹത്ത് തട്ടിയതാണെന്നാണ് ഇൗ വീഡിയോയിൽ പിതാവ് പറയുന്നത്. ഹൻസ് രാജ് മകന്‍റെ ശരീരത്തിൽ സ്പർശിക്കുക മാത്രമാണ് ചെയ്തതെന്നും ചിലർ അതിനെ ദുർവ്യാഖ്യാനിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നുമാണ് റായിസ് മുഹമ്മദ് പറയുന്നത്. എന്നാൽ, സംഭവം വിവാദമായതോടെ കുട്ടിയുടെ പിതാവിനെ നിർബന്ധിച്ച് പറയിപ്പിച്ച കാര്യങ്ങളാണ് ഇതെന്ന ആക്ഷേപവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.