കോട്ട(രാജസ്ഥാൻ): വിവാഹദിനത്തിൽ താലികെട്ട് നടക്കുന്നതിനു മുമ്പ് വരെൻറ വീട്ടുകാർ ഒരു കോടി രൂപ സ്ത്രീധനം ചോദിച്ചതിനെ തുടർന്ന് ദന്ത ഡോക്ടർ വിവാഹത്തിൽനിന്ന് പിന്മാറി. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് വിവാഹം നിശ്ചയിച്ചിരുന്നത്. അതിന് തൊട്ടുമുമ്പായാണ് വരെൻറ വീട്ടുകാർ ഒരു കോടിരൂപ സ്ത്രീധനം ആവശ്യപ്പെട്ടത്. രാജസ്ഥാനിലെ കോട്ട മെഡിക്കൽ കോളജിൽ സീനിയർ പ്രഫസറായ ഡോ. അനിൽ സക്സേനയുടെ മകൾ ഡോ. റാഷിയും ഉത്തർപ്രദേശിലെ മുറാദാബാദ് മെഡിക്കൽ കോളജ് അസിസ്റ്റൻറ് പ്രഫസർ ഡോ. സാഖം മധോക്കും തമ്മിലാണ് വിവാഹം നടക്കേണ്ടിയിരുന്നത്.
വരന് ഒരു കാറും പത്തു ഗ്രാം വീതം തൂക്കം വരുന്ന അഞ്ച് സ്വർണ നാണയങ്ങളും അടക്കം 35 ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ നേരത്തേ സമ്മാനമായി നൽകിയിരുന്നുവെന്ന് ഡോ. സക്സേന പറഞ്ഞു. കൂടുതൽ സ്ത്രീധനം വേണമെന്ന വരെൻറ വീട്ടുകാരുടെ ആവശ്യം കേട്ട് ആദ്യമൊന്ന് പതറിയെങ്കിലും സക്സേനയും ഭാര്യയും വിഷയം സംസാരിച്ചശേഷം മകളെ അറിയിക്കുകയായിരുന്നു. മകൾ ഉടൻ പ്രതിശ്രുത വരനെ ഫോണിൽ വിളിച്ചു. എന്നാൽ, ആവശ്യത്തിൽനിന്ന് അദ്ദേഹം പിന്മാറിയില്ല. ഇതേതുടർന്ന് ഇൗ വിവാഹം വേണ്ടെന്ന് ഡോ. റാഷി തീരുമാനിക്കുകയായിരുന്നു.
നയാപുര പൊലീസ് സ്റ്റേഷനിൽ വരെൻറ വീട്ടുകാർക്കെതിരെ സക്സേന പരാതിയും നൽകി. വിവാഹത്തിന് ക്ഷണിച്ച് വന്നവർക്കുള്ള വിഭവസമൃദ്ധമായ വിരുന്ന് കഴിഞ്ഞശേഷമാണ് വിവാഹം റദ്ദാക്കിയ കാര്യം എല്ലാവരെയും അറിയിച്ചത്. പണത്തോട് ആർത്തിയുള്ള വരനെയും വീട്ടുകാരെയും തനിക്ക് വേണ്ടെന്ന് ഡോ. റാഷി പറഞ്ഞതിനെ ബന്ധുക്കളും സുഹൃത്തുക്കളും കൈയടിച്ച് പിന്തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.