പ്രതീകാത്മക ചിത്രം

ഇൻസ്റ്റാഗ്രാമിൽ സ്റ്റണ്ട് വിഡിയോകൾ പങ്കുവെച്ച ഡെലിവറി ജീവനക്കാരൻ പൊലീസ് പിടിയിൽ

ഹൈദരാബാദ് : ഹൈദരാബാദിലെ തിരക്കേറിയ റോഡുകളിൽ അപകടകരമായ രീതിയിൽ ബൈക്ക് സ്റ്റണ്ടുകൾ നടത്തുകയും അതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്ത 19കാരനായ സെപ്റ്റോ ഡെലിവറി ജീവനക്കാരനെതിരെ ബഞ്ചാര ഹിൽസ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബഞ്ചാര ഹിൽസ് റോഡ് നമ്പർ 5ലെ ദേവരകൊണ്ട ബസ്തിയിൽ താമസിക്കുന്ന ഷദാബ് എന്ന യുവാവാണ് പിടിയിലായത്. കെ.ബി.ആർ മെയിൻ റോഡ്, ഷമീർപേട്ട് മെയിൻ റോഡ് തുടങ്ങിയ പ്രധാന റോഡുകളിലായിരുന്നു ഇയാൾ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചിരുന്നത്.

ഈ സ്റ്റണ്ടുകൾ ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തതോടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയുയർത്തുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരം റൈഡിങ് നടത്തുന്ന ആളുടെ ജീവന് മാത്രമല്ല റോഡിലൂടെ പോകുന്ന മറ്റ് നിരപരാധികളായ യാത്രക്കാരുടെ സുരക്ഷക്കും വലിയ ഭീഷണിയാണെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

സ്റ്റണ്ട് നടത്താൻ ഉപയോഗിച്ച മോട്ടോർ സൈക്കിളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ലൈക്കുകൾക്കും വ്യൂസിനും വേണ്ടി അപകടകരമായ ഡ്രൈവിങ് വിഡിയോകൾ പോസ്റ്റ് ചെയ്യുന്നവരെ ഹൈദരാബാദ് പൊലീസ് സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും നിയമം ലംഘിക്കുന്ന യുവാക്കൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Tags:    
News Summary - Delivery worker arrested for sharing stunt videos on Instagram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.