പ്രതി (Photo | Express)
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിന് സമീപം അണ്ണൂരിൽ രാത്രി ദമ്പതികളെ മദ്യപിച്ചെത്തിയ യുവാവ് ബൈക്കിൽ പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തതായി പരാതി. നടൻ വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം പ്രവർത്തകനാണെന്ന് അവകാശപ്പെട്ടായിരുന്നു യുവാവിന്റെ അതിക്രമം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ജനരോഷമാണ് ഉയരുന്നത്. ദാസമപാളയം സ്വദേശിയായ വിജയകുമാർ എന്നയാളാണ് പ്രതിയെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാത്രി കോവിൽപാളയത്ത് നിന്നും അണ്ണൂരിലേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ദമ്പതികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്. വിജനമായ റോഡിൽ വെച്ച് പ്രതി ദമ്പതികളുടെ ബൈക്കിനെ അമിതവേഗതയിൽ പിന്തുടരുകയായിരുന്നു. നിരന്തരം ഹെഡ്‌ലൈറ്റ് തെളിച്ചും മൊബൈൽ ഫോണിലെ ടോർച്ച് അടിച്ചുമാണ് ഇയാൾ ഭീതി പരത്തിയത്. വാഹനം ദമ്പതികളുടെ ബൈക്കിന് തൊട്ടടുത്തേക്ക് ഓടിച്ചുകയറ്റിയും ഒപ്പം ഫോണിലൂടെ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി ആക്രമിക്കാൻ ശ്രമിച്ചതുമാണ് പരിഭ്രാന്തി ഇരട്ടിയാക്കിയത്.
അപകടം മണത്ത ദമ്പതികൾ ബൈക്ക് വേഗത്തിലോടിച്ച് സമീപത്തുള്ള ഒരു ചായക്കടയ്ക്ക് മുന്നിൽ അഭയം തേടുകയായിരുന്നു. കടയുടമകളും നാട്ടുകാരും ചേർന്ന് യുവാവിനെ തടഞ്ഞുവെച്ച് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ താൻ ടി.വി.കെ പ്രവർത്തകനാണെന്ന് അവകാശപ്പെട്ടത്. പാർട്ടി തലവൻ വിജയിന്റെ നിർദേശപ്രകാരം 'സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് താൻ അവരെ പിന്തുടർന്നത്' എന്നായിരുന്നു മദ്യപിച്ചെത്തിയ ഇയാളുടെ ന്യായീകരണം. ദമ്പതികൾ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങളിലും ഈ വാദങ്ങൾ വ്യക്തമാണ്.
സ്ത്രീ രോഷാകുലയായി ചോദ്യം ചെയ്യുകയും നാട്ടുകാർ ഒന്നിച്ച് തിരിയുകയും ചെയ്തതോടെ യുവാവ് ബൈക്കെടുത്ത് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. രാത്രികാലങ്ങളിൽ വിജനമായ റോഡുകളിൽ സ്ത്രീകൾ നേരിടുന്ന സുരക്ഷാപ്രശ്നങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിതുറന്നിരിക്കുന്നത്. ദമ്പതികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അണ്ണൂർ പോലീസ് കേസെടുത്ത് പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.