അംബാസമുദ്രം എം.എൽ.എ ഇസാക്കി സുബ്ബയ്യ
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. വിമത എം.എൽ.എമാരുടെ രാജി സ്പീക്കർ അംഗീകരിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് ഒരു എം.എ.എൽ.എ കൂടി രാജിവെച്ചു. അംബാസമുദ്രം മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ഇസക്കി സുബ്ബയ്യയാണ് ചൊവ്വാഴ്ച തന്റെ നിയമസഭാംഗത്വം രാജിവെച്ചത്. തമിഴ്‌നാട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ടി.വി.കെ സർക്കാരിനെ പിന്തുണച്ച മൂന്ന് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ രാജിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നാലാമത്തെയാളുടെയും രാജി.
'അംബാസമുദ്രം മണ്ഡലത്തിലെ ജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാണ് ഞാൻ ഈ തീരുമാനമെടുത്തത്. ഇതിന്റെ വിശദമായ കാരണം ഉടൻ തന്നെ വ്യക്തമാക്കും,' രാജിവെച്ച ശേഷം സുബ്ബയ്യ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് രാജിവെക്കുന്നതെന്ന് ഉറപ്പുവരുത്താൻ കൈപ്പടയിൽ തയാറാക്കിയ രാജിപത്രം സമർപ്പിക്കാൻ സ്പീക്കർ സുബ്ബയ്യയോട് നിർദേശിച്ചു. എ.ഐ.എ.ഡി.എം.കെയിലെ മുൻ മന്ത്രി സി.വി. ഷൺമുഖം നയിക്കുന്ന 25 എം.എൽ.എമാരുടെ വിമത വിഭാഗത്തിലെ പ്രമുഖനാണ് ഇസക്കി സുബ്ബയ്യ.
മേയ് 13ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ടി.വി.കെ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത എം.എൽ.എമാരെ അയോഗ്യരാക്കണമെന്ന ഹരജി നിലനിൽക്കെ, അവരുടെ രാജി സ്വീകരിച്ച സ്പീക്കറുടെ നടപടിക്കെതിരെ എ.ഐ.എ.ഡി.എം.കെ നേതൃത്വം രംഗത്തെത്തി. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമിയുടെ നിർദേശപ്രകാരം അഗ്രി എസ്.എസ്. കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ നേതാക്കൾ സ്പീക്കറെ കണ്ട് തങ്ങളുടെ ശക്തമായ വിയോജിപ്പ് അറിയിച്ചു.
മൂന്ന് എം.എൽ.എമാരുടെ മണ്ഡലങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിജ്ഞാപനം സ്പീക്കർ പിൻവലിക്കണമെന്ന് പളനിസാമി വിഭാഗം ആവശ്യപ്പെട്ടു. അയോഗ്യത സംബന്ധിച്ച ഹർജിയിൽ തീരുമാനമെടുക്കാതെ, രാജി കത്തുകൾ ധൃതിപിടിച്ച് അംഗീകരിച്ചത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ വാദം.
നിലവിലെ സ്പീക്കറുടെ നടപടിയെ വിമർശിച്ച് മുൻ സ്പീക്കർ എം. അപ്പാവു രംഗത്തെത്തി. പാർട്ടി വിപ്പ് ലംഘിച്ച 25 എം.എൽ.എമാരെയും കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി നൽകിയ ഹർജി സ്പീക്കറുടെ പരിഗണനയിലാണ്. ഈ ഹരജിയിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ്, മൂന്ന് എം.എൽ.എമാരുടെ രാജി കത്തുകളിൽ സ്പീക്കർ ഇത്രയും തിടുക്കം കാണിക്കേണ്ട ഒരു ആവശ്യവുമില്ലായിരുന്നുവെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. പുതിയ രാജിയോടെ തമിഴ്‌നാട് രാഷ്ട്രീയത്തിലെ ഭരണ-പ്രതിപക്ഷ പോരാട്ടം കൂടുതൽ വഷളാകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.