ന്യൂഡൽഹി: ഹാജർ കുറവുണ്ടെന്ന കാരണത്താൽ മാത്രം നിയമവിദ്യാർഥികളെ പരീക്ഷയെഴുതുന്നതിൽ നിന്ന് തടയാനാകില്ലെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഈ ഉത്തരവ് കാരണം രാജ്യത്തുടനീളമുള്ള നിയമപഠന സ്ഥാപനങ്ങൾ വലിയ രീതിയിൽ പ്രതിസന്ധി നേരിടുകയാണെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതിയുടെ നടപടി.ഹൈക്കോടതി വിധിക്കെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബി.സി.ഐ) സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ഹൈക്കോടതി വിധി വന്നതിന് പിന്നാലെ നാഷനൽ ലാ യൂനിവേഴ്‌സിറ്റികൾ ഉൾപ്പെടെയുള്ള മുൻനിര സ്ഥാപനങ്ങളിൽ വിദ്യാർഥികൾ നിർബന്ധിത ഹാജർ വ്യവസ്ഥയെ ശക്തമായി എതിർക്കാൻ തുടങ്ങിയെന്ന് കോടതി ചൂണ്ടിക്കാട്ടി. 'ഒരു വിദ്യാർഥിയും ക്ലാസിൽ കയറാൻ ആഗ്രഹിക്കുന്നില്ല. പഠിച്ചിറങ്ങിയവർ പോലും ഈ നിലപാടിനെയാണ് പിന്തുണയ്ക്കുന്നത്േ എന്ന് കോടതി അതൃപ്തിയോടെ നിരീക്ഷിച്ചു.
ഹൈക്കോടതി വിധി വിദ്യാഥേികളിലെ അച്ചടക്കമില്ലായ്മയ്ക്ക് പ്രതിഫലം നൽകുന്നത് പോലെയാണെന്ന് ബാർ കൗൺസിലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ രോഹത്ഗി വാദിച്ചു. നിയമം വ്യാഖ്യാനിക്കുന്നതിന് പകരം ഹൈക്കോടതി ഇവിടെ സ്വന്തമായി നിയമനിർമാണം നടത്തുകയാണ് ചെയ്തതെന്നും സുപ്രീം കോടതി ബെഞ്ച് വിമർശിച്ചു. 'കുട്ടികൾക്ക് കോളജിൽ പോകാതിരിക്കാനുള്ള അവകാശമാണോ ഹൈക്കോടതി വിധി നൽകുന്നത്?' എന്നും കോടതി ചോദിച്ചു.
2017ൽ അമിറ്റി യൂനിവേഴ്‌സിറ്റിയിലെ നിയമവിദ്യാർഥിയായ സുശാന്ത് രോഹില്ല ഹാജർ കുറവിന്റെ പേരിൽ വർഷം നഷ്ടപ്പെടുമെന്ന മാനസിക വിഷമത്താൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് 2025 നവംബറിൽ ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിക്കുന്നത്. ഹാജർ നിയമങ്ങൾ അത്രമേൽ കർക്കശമാക്കരുതെന്നും അത് വിദ്യാർഥികളിൽ മാനസിക സമ്മർദമുണ്ടാക്കുമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. കൂടാതെ, മൂന്ന് വർഷത്തെയും അഞ്ച് വർഷത്തെയും ലോ കോഴ്സുകളുടെ ഹാജർ രീതി പുനഃപരിശോധിക്കാൻ ബാർ കൗൺസിലിനോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.
ഹൈക്കോടതി വിധിക്ക് പിന്നാലെ രാജ്യത്തെ വിവിധ സർവകലാശാലകൾ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹാജർ നിർബന്ധമല്ലെങ്കിൽ കോളജ് ഹോസ്റ്റലുകൾ വെറും താമസ സൗകര്യം മാത്രമുള്ള ലോഡ്ജുകളായി മാറുമെന്ന് നേരത്തെ കേസ് പരിഗണിക്കവെ കോടതി ആശങ്കപ്പെട്ടിരുന്നു. ബാർ കൗൺസിൽ നിയമപ്രകാരം നിയമവിദ്യാർഥികൾക്ക് കുറഞ്ഞത് 70 ശതമാനം ഹാജർ നിർബന്ധമാണ്. അത്യപൂർവ്വ സാഹചര്യങ്ങളിൽ മാത്രമേ ഇത് 65 ശതമാനമായി ഇളവ് ചെയ്യാൻ അനുവാദമുള്ളൂ.ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി, ഹരജിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. കേസ് ഇനി വരും ജൂലൈ 21ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.