ഒഡീഷയിൽ നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിലെ വിഷവാതകം ശ്വസിച്ച് ഉടമയും മകനുമടക്കം 6 പേർ ശ്വാസംമുട്ടി മരിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ കാളഹണ്ടി ജില്ലയിൽ നിർമാണത്തിലിരുന്ന സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ ആറ് പേർ വിഷവാതകം ശ്വസിച്ച് ശ്വാസംമുട്ടി മരിച്ചു. ടാങ്കിനുള്ളിൽ അടിഞ്ഞുകൂടിയ കാർബൺ ഡയോക്സൈഡ് ഉൾപ്പെടെയുള്ള മാരക വാതകങ്ങൾ ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ചൊവ്വാഴ്ചയാണ് ഈ ദാരുണ സംഭവം ഉണ്ടായത്.

കാളഹണ്ടി ജില്ലയിലെ മദൻപൂർ രാംപൂർ പൊലീസ് പരിധിയിലുള്ള കർലാഖുന്ത ഗ്രാമത്തിലാണ് അപകടം നടന്നത്. വീടിനോട് ചേർന്ന് നിർമിക്കുന്ന സെപ്റ്റിക് ടാങ്കിന്റെ കോൺക്രീറ്റ് സെന്ററിങ് ജോലികൾക്കിടെയായിരുന്നു ദുരന്തം.ടാങ്കിന്റെ സെന്ററിങ് പലകകൾ മാറ്റുന്നതിനായി ആദ്യം ഇറങ്ങിയ തൊഴിലാളിക്ക് പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയും പുറത്തേക്ക് വരാൻ സാധിക്കാതെ വരികയും ചെയ്തു. ഇയാളെ രക്ഷിക്കാനായി മറ്റ് ആറ് പേർ ഒന്നൊന്നായി ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. എന്നാൽ, ടാങ്കിനുള്ളിലെ കഠിനമായ വിഷവാതകം ശ്വസിച്ച് എല്ലാവരും ഒന്നിന് പുറകെ ഒന്നായി ബോധരഹിതരായി വീണു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇവരെ ടാങ്കിൽ നിന്ന് പുറത്തെടുത്ത് മദൻപൂർ രാംപൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആറ് പേരെയും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പങ്കജ് ഭോയ് (32) എന്ന തൊഴിലാളിയെ നില വഷളായതിനെ തുടർന്ന് ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് മാറ്റി.വീടുടമയായ നിമൈ പാൽ (48), മകൻ ആകാശ് പാൽ (28), മറ്റ് തൊഴിലാളികളായ അദൽ മാജി (55), മനോരഞ്ജൻ ഹാത്തി (27), ഛന്ദ ജൽ, ബിപുൽ ജൽ എന്നിവരാണ് മരണപ്പെട്ടത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് കാളഹണ്ടി എസ്.പി നാഗരാജ് ദേവർകൊണ്ട അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ദാരുണമായ അപകടത്തിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി കടുത്ത ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

Tags:    
News Summary - 6 people, including owner and son, suffocated to death after inhaling toxic gas from under-construction septic tank in Odisha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.