പരീക്ഷ: ആസിഫ് തൻഹയെ ഗസ്റ്റ്ഹൗസിലേക്ക് മാറ്റാൻ കോടതി അനുമതി

ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹി കലാപക്കേസിൽ യു.എ.പി.എ പ്രകാരം അറസ്റ്റിലായ ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റി വിദ്യാർഥി ആസിഫ് ഇക്ബാൽ തൻഹക്ക് പരീക്ഷ എഴുതാൻ ഗസ്റ്റ് ഹൗസിലേക്ക് മാറാൻ അനുമതി. ഡിസംബർ 4,5,7 തിയ്യതികളിൽ നടക്കുന്ന പരീക്ഷ എഴുതാൻ ഗസ്റ്റ്ഹൗസിലേക്ക് മാറ്റാമെന്ന് ഡൽഹി ഹൈക്കോടതി വ്യാഴാഴ്ച അനുവദിച്ചു.


പരീക്ഷ എഴുതാനായി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് മനോജ് കുമാർ ഒഹ്രിയുടെ ബെഞ്ച് തൻഹയെ ലജ്പത് നഗറിലെ ഒരു ഗസ്റ്റ് ഹൗസിൽ മാറാൻ അനുവദിച്ചത്. ആവശ്യമായ എല്ലാ വായനാ സാമഗ്രികളും പുസ്തകങ്ങളും കൊണ്ടുപോകാൻ അനുവദിക്കണമെന്നും ബെഞ്ച് അധികൃതരോട് നിർദ്ദേശിച്ചു.

ഗസ്റ്റ് ഹൗസിൽ നിന്ന് തൻഹയെ രാവിലെ എട്ടരയ്ക്ക് ജെ.എം.ഐ സർവകലാശാലയിലെ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകേണ്ടത് ജയിൽ സൂപ്രണ്ടിന്‍റെ ഉത്തരവാദിത്തമാണ്. പരീക്ഷക്ക് ശേഷം ഗസ്റ്റ്ഹൗസിലേക്ക് തിരികെ കൊണ്ടുവരണമെന്നും കോടതി പറഞ്ഞു. പരീക്ഷകൾക്ക് ശേഷം അവരെ വീണ്ടും ജയിലിലേക്ക് കൊണ്ടുവരണം. ഗസ്റ്റ് ഹൗസിൽ താമസിക്കുമ്പോൾ ദിവസത്തിൽ ഒരിക്കൽ 10 മിനിറ്റ് നേരം അഭിഭാഷകനുമായി ഫോൺ വിളിക്കാനും തൻഹയെ അനുവദിച്ചു.

വിചാരണക്കോടതി നവംബർ 26 ന് തൻഹയ്ക്ക് കസ്റ്റഡി പരോൾ നൽകിയിരുന്നു. പിന്നീട് തൻ‌ഹ തന്‍റെ അഭിഭാഷകൻ വഴി ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. കസ്റ്റഡി പരോളിൽ ദിവസം മുഴുവൻ പാഴായിപ്പോകുമെന്നും അവർക്ക് പഠിക്കാൻ കഴിയില്ലെന്നും ഇടക്കാല ജാമ്യം വേണമെന്നും ആവശ്യപ്പെട്ടു.

ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ഇടക്കാല ജാമ്യാപേക്ഷയെ എതിർക്കുകയും പ്രതിക്ക് ജയിലിൽ വെച്ച് പഠിക്കാമെന്നും സൗകര്യമുണ്ടെന്നും പരാതിയില്ലെന്നും പറഞ്ഞു. ധാരാളം തടവുകാർ ജയിലിൽ പഠിക്കുന്നുണ്ടെന്നും രാജു കോടതിയിൽ വാദിച്ചു. രാജു തന്നെയാണ് പരീക്ഷക്കായി ഗസ്റ്റ്ഹൗസിൽ പാർപ്പിക്കാമെന്ന് നിർദ്ദേശം മുന്നോട്ടുവെച്ചത്. അത് കോടതി അംഗീകരിക്കുകയായിരുന്നു.

നേരത്തേ കോടതി പരീക്ഷയെവുതാൻ തൻഹക്ക് മൂന്നുദിവസത്തെ പരോൾ അനുവദിച്ചിരുന്നു. മെയ് 19ന് അറസ്റ്റിലായ തൻഹ അന്നുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. എം.എ. പേർഷ്യൻ കോഴ്‌സിനുള്ള പ്രവേശന പരീക്ഷ എഴുതാനായി ഒക്ടോബർ 21-ന് തൻഹയ്ക്ക് ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.